സീരിയല്‍ സിനിമാ താരം ശരണ്യ ശശിയുടെ വിയോഗത്തില്‍ നടിയും അടുത്ത സുഹൃത്തുമായ സീമ ജി നായര്‍. രോഗം സ്ഥിരീകരിച്ചതു മുതല്‍ ശരണ്യയ്ക്ക് പിന്തുണയുമായി സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു. ശരണ്യയുടെ ആരോഗ്യവിവരങ്ങള്‍ സീമയാണ് പങ്കുവയ്ക്കാറുള്ളത്.

പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം.. അവള്‍ യാത്രയായി- സീമ കുറിച്ചു.

തലച്ചോറിൽ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് 2012 മുതല്‍ ചികിത്സയിലായിരുന്നു ശരണ്യ. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ പതിനൊന്നോളം ശസ്ത്രക്രിയകള്‍ ചെയ്തു. ചികിത്സാ കാലയളവിലും ഏതാനും സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുര്‍ബലമായി. ഭാരവും വര്‍ദ്ധിച്ചതോടെ ശരണ്യ അഭിനയത്തോട് വിട പറഞ്ഞു.

കോവിഡ് ബാധിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയില്‍നിന്ന് മുക്തയായ ശരണ്യ വീട്ടില്‍ തിരിച്ചെത്തി. പിന്നീട് രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ, കണ്ണൂരിലെ ജവഹര്‍ലാല്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു. നര്‍ത്തകി കൂടിയായ ശരണ്യ, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. 

സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. തലപ്പാവില്‍ ലാലിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷമാണ്  ശരണ്യ അവതരിപ്പിച്ചത്. മധുപാല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ശരണ്യയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെ വാസ്‌കോ ഡ ഗാമ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് ശരണ്യ ചെയ്തത്.

Content Highlights: Seema G Nair on actor Sarany's death, Saranya passed away