ടന്‍ അലന്‍സിയറിനെതിരേ ഉയര്‍ന്ന മീ ടൂ ആരോപണങ്ങള്‍ മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആഭാസം എന്ന സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നായിരുന്നു നടി ദിവ്യ ഗോപിനാഥിന്റെ വെളിപ്പെടുത്തല്‍. ആരോപണം നേരിടുന്ന അലന്‍സിയറിനൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് ഏതാനും സിനിമാ പ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് അലന്‍സിയര്‍ തന്നെ സന്ധി സംഭാഷണത്തിന് വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. മലയാളത്തിലെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മീ ടൂ എന്നത് വളരെ ഗൗരവകരമായി കാണേണ്ട വിഷയമാണ്. ഞങ്ങളുടെയെല്ലാം സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തോടൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. 

അലന്‍സിയര്‍ക്കെതിരേ മീ ടൂ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചിരുന്നു. പ്രശ്‌നം ഒത്തു തീര്‍പ്പാക്കാനാണ് വിളിച്ചത്. അന്ന് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്, ആക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് തൃപ്തിയാകുന്ന വിധത്തില്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ യാതൊരു സന്ധി സംഭാഷണത്തിനും തയ്യാറല്ല. സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് വലുത്'- ശ്യാം പുഷ്‌കരന്‍ പറഞ്ഞു. 

പുരുഷാധിപത്യത്തിന്റെ തന്ത്രങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ സംഘടനയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന് ശ്യാം പുഷ്‌കരന്‍ പറഞ്ഞു. 

'പൊതുസ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തുക എന്നതാണ് പുരുഷാധിപത്യത്തിന്റെ തന്ത്രം. അങ്ങനെയാകുമ്പോള്‍ അവരെ നിയന്ത്രിക്കാം. ഡബ്ല്യൂ.സി.സി ഈ തന്ത്രങ്ങളെല്ലാം നേരത്തേ അറിഞ്ഞിരുന്നു. സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ക്ക് പരാതികള്‍ ഉന്നയിക്കാന്‍ ഒരു കംപ്ലയിന്റ് സെല്‍ വേണമെന്ന്  ഡബ്ല്യൂ.സി.സി ആവശ്യപ്പെട്ടിരുന്നു. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ഡബ്ല്യൂ.സി.സി അത് നേടിയെടുത്തു.'

പുരുഷാധിപത്യത്തെ ഭയക്കുന്ന തന്നെപ്പോലുള്ള പുരുഷന്‍മാര്‍ ഡബ്ല്യൂ.സി.സിക്കൊപ്പം നിലകൊള്ളുമെന്നും ശ്യാം പുഷ്‌കരന്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: script writer syam pushkaran on alencier me too, at women in cinema collective anniversary