'അതുകൊണ്ടാണ് എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവള് അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി, ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ, നിലപാടുകളെ, അഭിരുചികളെ അവള് കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്,''
അഭിനേത്രിയും അസിസ്റ്റന്റ് ഡയറക്ടറുമായ ഉണ്ണിമായ പ്രസാദിനെക്കുറിച്ച് ഉണ്ണിമായയുടെ ഭര്‍ത്താവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്കരന്റെ അമ്മ ഗീത പുഷ്കരന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണിത്...ഉണ്ണിമായയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് ഗീത പുഷ്കരന് പങ്കുവച്ച ഈ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.
ഗീത പുഷ്കരന് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ നാല്‍പ്പതു വര്‍ഷം എന്താ ചെയ്തത്? എന്നോടു തന്നെയാ ചോദ്യം ..ആ... ആര്‍ക്കറിയാം..കഞ്ഞീം കറീം വച്ചു കളിച്ചു. കെട്ടിയോനുമായി വഴക്കുണ്ടാക്കി. മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.ഇന്‍ലാന്‍ഡും കവറും വിറ്റു. വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു. വേറെ എന്താ ചെയ്തിരുന്നേ..ഒന്നുല്ല അല്ലേ...
അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവള് അവള്‍ക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളര്‍ത്തലുമല്ല ജീവിതം എന്നവള്‍ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ അഭിരുചികളെ അവള് കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ് ,അതായിരിക്കണം പെണ്ണ്.
അല്ലാതെ ഔദ്യോഗിക ജീവിതത്തില്‍ കിട്ടുന്ന ഉയര്‍ച്ച പോലും ഉപേക്ഷിച്ച്, കുട്ടികളെ നല്ല സ്കൂളുകളില്‍ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടത് സഹിച്ച്, ഒരു പാട്ടു പോലും മൂളാതെ ഒരു യാത്ര പോകാതെ പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ ഒരു ഐസ് ക്രീം പോലും കഴിക്കാതെ ഒരു ചാറ്റല്‍മഴ പോലും നനയാതെ ആകാശവും ഭൂമിയും മേഘങ്ങളും പുഴയും കാണാതെ ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ ഏറ്റവും പ്രിയമായി തോന്നിയ ഒരു പെര്‍ഫ്യൂം ഏതെന്നു പോലും കണ്ടെത്താനാവാതെ ഒരു നിലാവുള്ള രാവു പോലും കാണാതെ കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം.
'അഞ്ചു സുന്ദരികള്‍' എന്ന ആന്തോളജി ചിത്രത്തിലെ 'സേതുലക്ഷ്മി' എന്ന സിനിമയിലൂടെയാണ് ഉണ്ണിമായ അഭിനയരംഗത്തേക്ക് എത്തുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'മഹേഷിന്റെ പ്രതികാര'ത്തിലെ സാറ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ഒറ്റ സീനിലേ വന്നു പോകുന്നുള്ളൂ എങ്കിലും സാറ ട്രോളുകളിലെ താരമായി. പിന്നീട് 'പറവ,' 'മായാനദി,' 'വരത്തന്,' 'ഒരു കുപ്രസിദ്ധ പയ്യന്,' 'ഫ്രഞ്ച് വിപ്ലവം,' 'വൈറസ്' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'മഹേഷിന്റെ പ്രതികാരം,' 'തൊണ്ടിമുതലും ദൃക്സാക്ഷിയും,' 'മായാനദി' തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായികയായും ഉണ്ണിമായ പ്രവര്‍ത്തിച്ചിരുന്നു.
Content Highlights : Script Writer Shyam Pushkaran Wife And Actress Unnimaya Prasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..