കൊച്ചി: കോവിഡിനു ശേഷം വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തിലെ തിയേറ്ററുകളിലും എത്തിയതോടെ റിലീസിനൊരുങ്ങുകയാണ് മലയാള ചിത്രങ്ങളും. പൂര്‍ത്തിയായ ചിത്രങ്ങളില്‍ മാര്‍ച്ച് വരെ റിലീസിന് തയ്യാറായിട്ടുള്ളത് 19 ചിത്രങ്ങളാണ്. പ്രതീക്ഷിക്കുന്ന റിലീസ് ഡേറ്റ് ഉള്‍പ്പെടെ നിര്‍മാതാക്കളുടെ സംഘടന തയ്യാറാക്കിയ പട്ടികയുടെ പകര്‍പ്പ് മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചു.  

ജയസൂര്യ ചിത്രം 'വെള്ളം' ആകും വലിയൊരു ഇടവേളയ്ക്ക് ശേഷം തിയേറ്ററില്‍ റിലീസാകുന്ന മലയാള ചിത്രം. ജനുവരി 22നാണ് റിലീസ്. വാങ്ക്, ലവ് എന്നീ ചിത്രങ്ങള്‍ തൊട്ടടുത്ത ആഴ്ചയെത്തും. 

പട്ടിക പ്രകാരം 12 ചിത്രങ്ങളാണ് ഫെബ്രുവരിയില്‍ റിലീസ് ചെയ്യുക. ഫെബ്രുവരി നാലിന് റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം പ്രീസ്റ്റും ഇതില്‍ ഉള്‍പ്പെടും. ഫെബ്രുവരി 12 - സാജന്‍ ബേക്കറി, ഓപ്പറേഷന്‍ ജാവ, യുവം; ഫെബ്രുവരി 19 - മരട് 357, വര്‍ത്തമാനം, വെളുത്ത മധുരം; ഫെബ്രുവരി 26 - സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍, ടോള്‍ ഫ്രീ 1600 600, സണ്ണി, അജഗജാന്തരം എന്നിങ്ങനെയാണ് അടുത്ത മാസത്തെ മറ്റു റിലീസുകള്‍. മോഹല്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രവും ഫെബ്രുവരിയില്‍ എത്തുമെങ്കിലും ഡേറ്റ് തീരുമാനമായിട്ടില്ല.

അതേസമയം, മാര്‍ച്ച് മാസത്തില്‍ നാല് സിനിമകള്‍ മാത്രമാണുള്ളത്. നാലാം തീയതി നിഴല്‍/കോള്‍ഡ് കേസ്, 12ന് മൈ ഡിയര്‍ മച്ചാന്‍സ്, ഇവ, 21ന് സുനാമി എന്നിവയാണ് മാര്‍ച്ചിലെ റിലീസുകള്‍.

നിരവധി സിനിമകള്‍ പുറത്തിറങ്ങാനുള്ള സാഹചര്യത്തില്‍ റിലീസിങ്ങുമായി ബന്ധപ്പെട്ട് മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പുറത്തിറങ്ങാനുള്ള ചിത്രങ്ങളുടെ നിര്‍മാതാക്കളുമായി സംസാരിച്ച് ധാരണയിലെത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തിയറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും സംഘടനകള്‍ക്ക് പട്ടിക കൈമാറിയിട്ടുണ്ട്.

മാസ്റ്ററിന് തിയേറ്ററുകളില്‍ ലഭിച്ച പ്രതികരണം ചലച്ചിത്ര മേഖലയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ഏപ്രിലില്‍ വലിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

FILM
നിര്‍മാതാക്കളുടെ സംഘടന തയ്യാറാക്കിയ പട്ടികയുടെ പകര്‍പ്പ് | ഫോട്ടോ: മാതൃഭൂമി
FILM
നിര്‍മാതാക്കളുടെ സംഘടന തയ്യാറാക്കിയ പട്ടികയുടെ പകര്‍പ്പ് | ഫോട്ടോ: മാതൃഭൂമി

content highlights: schedule of malayalam movies for the months of january to march