കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു നൃത്ത വീഡിയോ ഉണ്ട്. നടിമാരായ ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, മൃദുല മുരളി ​ഗായിക സയനോര എന്നിവർ ചേർന്ന് മനോഹരമായ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. കൂട്ടുകാരുടെ ഈ രസകരമായ വീഡിയോയ്ക്ക് പിന്തുണയുമായി ആരാധകരെത്തിയെങ്കിലും വിമർശനങ്ങളുമായും ചിലർ രം​ഗത്ത് വന്നു.

അത്തരത്തിൽ വീഡിയോയിലെ തൻ‌റെ വസ്ത്രധാരണത്തെ മോശം ഭാഷയിൽ വിമർശിച്ചവർക്കെതിരേയും തനിക്കെതിരേ ബോഡി ഷെയ്മിങ്ങ് നടത്തിയവർക്കെതിരേയും പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് സയനോര. 

നൃത്തം ചെയ്യുമ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിൽ അലസമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സയനോരയുടെ മറുപടി. ‘കഹി ആഗ് ലഗേ ലഗ് ജാവേ’ എന്ന കുറിപ്പിനൊപ്പം എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി എന്ന ഹാഷ്ടാ​ഗോടെ തന്റെ ചിത്രം സയനോര പങ്കുവെച്ചത്. താരങ്ങളടക്കം നിരവധി പേരാണ് ​ഗായികയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്.

'താല്‍' എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനൊത്താണ് അഞ്ചു പേരും മനോഹരമായി നൃത്തം ചവിട്ടിയത്. സിനിമയ്ക്ക് അകത്തും പുറത്തും  അടുത്ത സുഹൃത്തുക്കളാണ് ഇവർ. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങൾ നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 


Content Highlights : Sayanora reacts to BodyShaming vulgar comments on Viral Dance Video with Friends