നിറത്തിന്റെ പേരില്‍ തനിക്ക് ഒരു കാലത്ത് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സംഗീത സംവിധായികയും ഗായികയുമായ സയനോര. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സയനോര അനുഭവം തുറന്ന് പറഞ്ഞത്. തന്നെ അറിയുന്നവര്‍ എല്ലാവരും ഈ സംഭവം അറിഞ്ഞിരിക്കണം എന്ന് കരുതിയാണ് തുറന്ന് പറയുന്നതെന്ന് സയനോര ചൂണ്ടിക്കാട്ടുന്നു. 

ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ ഒരു കുട്ടിയെ കണ്ടു. സ്‌നേഹത്തോടെ കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചില്‍. കുഞ്ഞ് എന്തിനാണ് കരയുന്നതെന്ന് മനസ്സിലായില്ല. എന്താണ് കരയുന്നതെന്നു ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. 

എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് അത്ര ഇഷ്ടമല്ലത്രേ. ഈ സംഭവം വളരെയധികം വേദനിപ്പിച്ചു. അമ്മയുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. അങ്ങനെയൊന്നും ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്തതാണ്. അപമാനിക്കുന്ന രീതിയില്‍ പറഞ്ഞതാണെന്ന് എനിക്ക് തോന്നി. ആ സംഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല- സയനോര പറഞ്ഞു.

നിറം കറുത്തതായതിനാല്‍ കുട്ടിക്കാലം മുതല്‍ ഞാന്‍ ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ നിലയില്‍ ആയിട്ടു പോലും ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ട്. എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞ് ആരെ പോലെയാണ് കാണാന്‍ എന്നാണ് ഭര്‍ത്താവിനോട് ചോദിച്ചത്.  തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നായിരുന്നു ആഗ്രഹം കൊണ്ടായിരുന്നു അങ്ങനെ ചോദിച്ചത്. ഇന്നു ഞാന്‍ മനസ്സിലാക്കുന്നു നിറമല്ല ഒന്നിന്റെയും അടിസ്ഥാനം. അതുകൊണ്ടു തന്നെ കുത്തുവാക്കുകള്‍ കേട്ടാല്‍ ഇനി തളരില്ല- സയനോര പറഞ്ഞു.

Content Highlights: Sayanora Philip singer music director talks about racism, black color, color discrimination in our Society