പ്രമുഖ സംവിധായകരുടെ ഒന്നിലധികം ചിത്രങ്ങൾ ഒരേസമയം പ്രദർശനത്തിനെത്തുക കുറച്ചു നാൾ മുമ്പുവരെ സംഭവിക്കുമായിരുന്നു.

ജോഷിയാണ് ഇക്കാര്യത്തിൽ പല തവണ ഒരേസമയം തൻ്റെ ചിത്രങ്ങൾ പ്രദർശനത്തിനെത്തി റെക്കാഡിട്ടിട്ടുള്ളത്. കാലം മാറി വന്നപ്പോൾ സ്ഥിതിയും മാറി. 

ഈ സാഹചര്യത്തിലാണ് ,അരുൺ ചന്തു എന്ന തുടക്കക്കാരനെ പ്രസക്തി വർധിച്ചിരിക്കുന്നത്. സായാഹ്ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങളാണ് അരുൺ ചന്തുവിൻ്റെ പ്രദർശന സജ്ജമായിരിക്കുന്ന ചിത്രങ്ങൾ. സായാഹ്ന വാർത്തകളാണ് ഇതിൽ ആദ്യം പൂർത്തിയായ ചിത്രം.
ഗോകുൽ സുരേഷ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ യുവനിരയടക്കം മലയാളത്തിലെ മികച്ച താരങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.

സമൂഹത്തിൻ്റെ പൊതുവായ ചില സന്ദേശങ്ങൾ, യുവത്വത്തിൻ്റെ കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പെട്ടെന്ന് എല്ലാം നേടിയെടുക്കാൻ കൃത്രിമമായ മാർഗങ്ങളിലേക്ക് തിരിയുന്ന യുവത്വത്തിനെതിരേയുള്ള ഒരു സന്ദേശമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം.

രണ്ടാമത്തെ ചിത്രമായ സാജൻ ബേക്കറി നിർമിച്ചിരിക്കുന്നത് ലൗ അക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ ഫൻ്റാസ്റ്റിക്ക് സിനിമയാണ്. വൈശാഖ് - മെരിലാൻ്റ് സ്റ്റുഡിയോസ് അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് സാജൻ ബേക്കറി നിർമിക്കുന്നത്.

പഴയ രീതിയിലുള്ള ബോർമ്മയുടെ ബേക്കറി പ്രവർത്തനം നടത്തുന്ന ഒരു സഹോദരൻ്റേയും സഹോദരിയുടേയും ആത്മബന്ധത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ രസാവഹവും ഹൃദയസ്പശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. അജു വർഗീസും, ലെനയുമാണ് സഹോദരങ്ങളായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗണേഷ് കുമാർ മറ്റൊരു പ്രധാന കഥാപാത്രത്ത അതരിപ്പിക്കുന്നു, രഞ്ജിതാ മേനോനാണ് നായിക - ജാഫർ ഇടുക്കി, ഗ്രേസ് ആൻ്റണി എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു '

ഫോട്ടോഗ്രാഫിയിലൂടെയാണ് അരുൺ ചന്തുവിൻ്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ഏതാനും ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണവും നിർവഹിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ കുറച്ചു നാൾ മുമ്പ് പറഞ്ഞ ഒരു കാര്യം ഇവിടെ ഓർമിക്കപ്പെടുന്നത് ഈയവസരത്തിൽ ഏറെ അനുയോജ്യമാകും എന്നു കരുതുന്നു.

"തിര" എന്ന ചിത്രത്തിൽ അരുൺ ചന്തു സ്റ്റിൽ ഫോട്ടോഗ്രാഫറായി എത്തിയപ്പോൾത്തന്നെ ഞാൻ ചന്തുവിലെ ചില സവിശേഷതകൾ മനസ്സിലാക്കിയിരുന്നു. നല്ല ഐഡിയകൾ അരുണിൽ കണ്ടു. അന്നേ അരുണിൽ നല്ലൊരു ഭാവി കണ്ടിരുന്നു.. - ഇതു ഞാൻ പലരോടും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അത് പ്രാവർത്തികമായിരിക്കുന്നു. 

അടുത്തു തന്നെ ഈ രണ്ടു ചിത്രങ്ങളും പ്രേക്ഷക സമക്ഷം എത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. അതോടെ അരുൺ ചന്തു എന്ന സംവിധായകന് മലയാള സിനിമയിൽ ഒരിടം ഉറപ്പാകും എന്നു തന്നെ വിശ്വസിക്കാം.

Content Highlights : Sayahna Varthakal Sajan Bakery Movie Director Arun Chandu Gokul Suresh Aju Vargheese Lena