'സൗദി വെള്ളക്ക' സിനിമയുടെ പോസ്റ്റർ
കോടതിവിധികളിൽ വന്നുചേരുന്ന കാലതാമസം, കോടതികളിൽ വരുന്ന ഓരോ കേസുമായും ബന്ധപ്പെട്ടുള്ള മനുഷ്യരുടെ ജീവിതത്തെയും അവരുടെ ചുറ്റുമുള്ളവരെയും എത്രത്തോളം ബാധിക്കുന്നുവെന്ന് കാണിച്ചുതന്ന ഹൃദയസ്പർശിയായ ചിത്രമായിരുന്നു തരുൺ മൂർത്തി - സന്ദീപ് സേനൻ ചിത്രം 'സൗദി വെള്ളക്ക'. തിയേറ്ററുകളിലും ഒടിടിയിലും മികച്ച പ്രേക്ഷക - നിരൂപക പ്രശംസകൾ നേടിയ ചിത്രം ഇനി ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്. ചലച്ചിത്രോത്സവത്തിൽ ഒഫീഷ്യൽ സെലക്ഷനായാണ് 'സൗദി വെള്ളക്ക' തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇതിനകം ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ് സേനൻ നിർമ്മിച്ച സിനിമയാണ് സൗദി വെള്ളക്ക. സൂപ്പർഹിറ്റായ ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി എഴുതി സംവിധാനം ചെയ്ത സിനിമയുമാണ്.
ദേവി വർമ്മ, ലുക്മാൻ അവറാൻ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലൻ, റിയ സെയ്റ, ധന്യ അനന്യ എന്നിവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്രഗത്ഭ കലാകാരികളും കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ജുഡീഷ്യറിയുടെ നൂലാമാലകളിൽ പെട്ടുപോകുന്ന സാധാരണക്കാരുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകർ ഒന്നടങ്കം തങ്ങളുടെ ഹൃദയത്തിലേക്കാണ് ഏറ്റെടുത്തത്. നമ്മുടെ കോടതികൾ മാറേണ്ടതുണ്ടെന്നും നിയമവ്യവസ്ഥകളും വ്യവഹാരങ്ങളും മാറേണ്ടതുണ്ടെന്നും കൂടിയായിരുന്നു ചിത്രം വരച്ചുകാട്ടിയത്.
ചിത്രത്തിൽ ഐഷ റാവുത്തർ എന്ന പ്രായമേറിയ കഥാപാത്രമായി പുതുമുഖമായ ദേവി വർമ്മയുടെ മനസ്സ് തൊടുന്ന അഭിനയം ഏറെ പ്രശംസ നേടുകയുമുണ്ടായി. കൊവിഡ് കാലത്ത് കുറെ വെല്ലുവിളികളോടെയായിരുന്നു സിനിമയുടെ ഷൂട്ട് നടന്നത്. വലിയ താരങ്ങൾ ഇല്ലാതിരുന്നിട്ട് കൂടി ഉള്ളടക്കത്തിൻറെ ബലത്തിൽ പ്രേക്ഷക ലക്ഷങ്ങൾ ചിത്രത്തെ ഏറ്റെടുക്കുകയുണ്ടായി. തരുൺ തന്നെയായിരുന്നു സിനിമയുടെ തിരക്കഥയൊരുക്കിയിരുന്നത്.
സൗദി വെള്ളക്കയുടെ വലിയ വിജയം ഏറെ അഭിമാനം നൽകുന്നതാണെന്നും പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഞങ്ങൾക്ക് പ്രേക്ഷകരിലുള്ള വിശ്വാസം അവർ ഞങ്ങൾക്ക് തിരിച്ചു തന്നു എന്നുമാണ് സിനിമയെ ഏറ്റെടുത്ത പ്രേക്ഷകരോട് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി അർപ്പിച്ചുകൊണ്ട് നിർമ്മാതാവ് സന്ദീപ് സേനൻ സോഷ്യൽമീഡിയയിലൂടെ പറഞ്ഞത്. പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്‌മാണ്ഡ ചിത്രമായ 'വിലായത്ത് ബുദ്ധ''യാണ് ഉർവശി തിയേറ്റേഴ്സിൻറെ ബാനറിൽ സന്ദീപ് സേനൻ അടുത്തതായി ഒരുക്കുന്നത്.
Content Highlights: saudi vellakka movie news, saudi vellakka movie officially selected to newyork indian film festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..