സൗദി വെള്ളക്ക
ഈ സൗദി ദുബായില്‍ അല്ലേ, ഈ വെള്ളക്ക എന്നത് മച്ചിങ്ങയല്ലേ അതോ കൊച്ചെക്കയാണോ, ആകെ മൊത്തം കണ്ഫ്യൂഷന് ആയല്ലോ! ഏയ്, ഈ കണ്‍ഫ്യൂഷനൊക്കെ ഡിസംബര്‍ രണ്ട് വരെ ആയുസ്സുള്ളൂ. കാരണം 'സൗദി വെള്ളക്ക' ഡിസംബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും. ഓപ്പറേഷന് ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്ക ഡിസംബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഇന്ത്യന്‍ പനോരമയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയടികളാണ് ചിത്രത്തിന് ലഭിച്ചത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. തന്റെ ആദ്യ സിനിമ തന്നെ വിജയത്തിലെത്തിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തന്റെ ആദ്യ ചിത്രത്തിന് ശേഷം തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തിലൊരുക്കിയ സൗദി വെള്ളക്ക സോഷ്യല്‍ ഡ്രാമ ജോണറിലുള്ള സിനിമയാണ്. കൗതുകം നിറഞ്ഞ ഒരു കേസും അതിന് പിന്നിലുള്ള നിരവധി പേരുടെ യാത്രയുമാണ് സിനിമയുടെ പ്രമേയം. തരുണ്‍ മൂര്‍ത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയുമൊരുക്കിയിരിക്കുന്നത്.
ബിനു പപ്പുവും ലുക്മാന് അവറാനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്, റിയ സെയ്റ, ധന്യ, അനന്യ എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായ മജിസ്ട്രേറ്റിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് മമ്മൂട്ടി ചിത്രമായ മനു അങ്കിളിലെ കുട്ടികളിലൊരാളായി അഭിനയിച്ച കുര്യന് ചാക്കോയാണ്. നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും സിനിമാലോകത്ത് സജീവമാകുന്നത്.
ഉര്‍വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും, ബിജു മേനോന് നായകനായ സത്യം പറഞ്ഞാ വിശ്വസിക്കുവോ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സന്ദീപ് സേനന് നിര്‍മ്മിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഹരീന്ദ്രനാണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ശരണ്‍ വേലായുധനും ചിത്രസംയോജനം നിഷാദ് യൂസഫുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെയും ജോപോളിന്റെയും വരികള്‍ക്ക് പാലി ഫ്രാന്‍സിസ ഈണം പകരുന്നു.
ശബ്ദ രൂപകല്പന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടര്‍), എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: സംഗീത് സേനന്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കലാസംവിധാനം: സാബു മോഹന്‍, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണന്, ചമയം: മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വര്‍ഗീസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, വിഎഫ്എക്സ് എസെല്‍ മീഡിയ, സ്റ്റില്‍സ്: ഹരി തിരുമല, പി.ആര്.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, പരസ്യകല: യെല്ലോ ടൂത്ത്, മാര്‍ക്കറ്റിംഗ് സ്നേക്ക് പ്ലാന്റ്.
Content Highlights: Saudi vellaka to release on december 2nd
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..