ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ നൂറാം ജന്മവാര്‍ഷികം ഒരുവര്‍ഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സിനിമാരംഗത്തെ സമഗ്രസംഭാവനയ്ക്ക് സത്യജിത് റേ സ്മാരക പുരസ്‌കാരം ഏര്‍പ്പെടുത്തും. പത്തുലക്ഷം രൂപയും രജതമയൂരം ആലേഖനംചെയ്ത മെഡലും അടങ്ങുന്ന പുരസ്‌കാരം എല്ലാവര്‍ഷവും ദേശീയ ചലച്ചിത്രമേളയോടനുബന്ധിച്ച് നല്‍കും.
 
ഇന്ത്യയിലും വിദേശത്തും വിപുലമായ ആഘോഷപരിപാടികളാണ് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രാലയം സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രോത്സവ ഡയറക്ടറേറ്റ്, എന്‍.എഫ്.ഡി.സി., സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിലിം ആര്‍കൈവ്സ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രത്യേക അനുസ്മരണപ്രദര്‍ശനം ഒരുക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റേ സിനിമകളുടെ പ്രത്യേക പ്രദര്‍ശനങ്ങളുണ്ടാവും. മുംബൈയില്‍ നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേ വിഭാഗം തയ്യാറാക്കും. ഈ പ്രത്യേകവിഭാഗം രാജ്യത്തെ വിവിധ മ്യൂസിയങ്ങളിലും പ്രദര്‍ശിപ്പിക്കും.
 
റേയുടെ സിനിമകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ ദേശീയ ഫിലിം ആര്‍കൈവ് ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കും. സിനിമകളുടെ ചലച്ചിത്രോത്സവങ്ങള്‍ എന്‍.എഫ്.ഡി.സി. അതിന്റെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിക്കും. കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ റേയുടെ പ്രതിമ സ്ഥാപിക്കും. റേയുടെ സംഭാവനകളെ ആസ്പദമാക്കി ഒരു കോഴ്സും ആരംഭിക്കും. കുട്ടികള്‍ക്കായുള്ള റേയുടെ സിനിമകളുടെ പാക്കേജ് സ്‌കൂളുകള്‍ക്ക് നല്‍കും.
 
Content Highlights: Satyajit Ray Award for Outstanding Contribution to a Film