ത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'ഞാന്‍ പ്രകാശന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായികയാകുന്നത്. മലയാളി എന്നായിരുന്നു മുന്‍പ് സിനിമയ്ക്ക് നല്‍കിയിരുന്ന പേര്. എന്നാല്‍ ഇതേ പേരില്‍ മുന്‍പൊരു മലയാള സിനിമ ഉണ്ടായിരുന്നതിനാല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു. പ്രകാശന്‍ എന്ന തന്റെ പേര് ഗസറ്റില്‍ പരസ്യം ചെയ്ത് പി.ആര്‍ ആകാശ് എന്നാക്കിമാറ്റിയയാളാണ് കഥയിലെ നായകന്‍. പ്രകാശന്റെ നായിക സലോമിയാകന്നത് നിഖിലയാണ്. ഗോപാല്‍ജി എന്ന കഥാപാത്രമായി ശ്രീനിവാസനും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സത്യന്‍ അന്തിക്കാട് തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പേര് പങ്കുവച്ചത്.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

പ്രകാശനും സലോമിയും ഗോപാല്‍ജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതല്‍ അവര്‍ക്ക് ജീവന്‍ വെച്ചു തുടങ്ങുകയാണ്.

എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നില്‍ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാല്‍ജിയായി ശ്രീനിവാസനും വന്നു.

പ്രകാശനാണ് ഈ കഥയുടെ ജീവന്‍. നമുക്ക് ചുറ്റും നമ്മള്‍ എന്നും കാണുന്ന ഒരു ടിപ്പിക്കല്‍ മലയാളി യുവാവ്.

ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ തന്റെ പേര് 'പി.ആര്‍.ആകാശ് ' എന്ന് പരിഷ്‌കരിച്ചിരുന്നു. ഞങ്ങള്‍ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല.

സിനിമയ്ക്ക് 'ഞാന്‍ പ്രകാശന്‍' എന്ന് പേരിടുന്നു.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങള്‍ ഇനി ക്യാമറയില്‍ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു സിനിമയൊരുക്കാന്‍ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസില്‍ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

'ഞാന്‍ പ്രകാശന്‍' ഒരു നല്ല അനുഭവമായി മാറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.

fahad

Content Highlights : sathyan anthikkad sreenivasan Fahad Fazil njan prakasan fahad nikhila vimal new movie