ലയാള  സിനിമ കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റേത്. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്.  മലയാളി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസില്‍ ആണ്. സത്യന്‍ അന്തിക്കാടാണ് പുതിയ ചിത്രത്തിന്റെ വിശേഷം ആരാധകരുമായി പങ്കുവച്ചത്. 

സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകള്‍.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും. പല കഥകളും ആലോചിച്ചു. പലതും ആരംഭത്തില്‍ തന്നെ വിട്ടു. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്' ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ. ഒരു ദിവസം അതിരാവിലെ ഉറക്കമുണര്‍ന്ന് വരുമ്പോള്‍, പുറത്തെ മുറിയില്‍ ശ്രീനിവാസന്‍ ശാന്തനായി ഇരിക്കുന്നു. 'കഥ കിട്ടി' ശ്രീനി പറഞ്ഞു. 'കഥക്ക് വേണ്ടി നമ്മള്‍ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങള്‍.' ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തില്‍ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

'നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റില്‍ പരസ്യപ്പെടുത്തി, 'പി ആര്‍ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.' പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശന്‍.

'ജോമോന്റെ സുവിശേഷങ്ങള്‍'ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് തന്നെ ഈ സിനിമയും നിര്‍മ്മിക്കുന്നു. ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്. 'മലയാളി' എന്നാണ് സിനിമയുടെ പേര്.

satyan

2002 ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും  അവസാനമായി ഒന്നിച്ചത്. ഒരു ഇന്ത്യൻ പ്രണയകഥയാണ് ഫഹദിനെ വച്ച് സത്യൻ അന്തിക്കാട് അവസാനമായി ചെയ്ത ചിത്രം.

Content Highlights: sathyan anthikkad sreenivasan Fahad Fazil malayali fahad sathyan anthikad new movie fahad faasil