സിനിമകള്‍ ഉണ്ടാകുന്നത് തിയറ്ററുകള്‍ക്ക് വേണ്ടിയെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമ തിയറ്ററില്‍ നടക്കുന്ന കലയാണ്, അതുകൊണ്ടുതന്നെ തിയറ്ററുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വളരെ പോസിറ്റീവായി കാണുന്നുവെന്നും സത്യന്‍ അന്തിക്കാട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ദൃശ്യം 2 ഒ.ടി.ടിയില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മാതാവിന് വ്യക്തമായ കാരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തിയേറ്റര്‍ തുറന്ന സാഹചര്യത്തില്‍ നിര്‍മാതാവിന് പുനര്‍ചിന്തനത്തിന് ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'തിയറ്റര്‍ തുറക്കാനുള്ള തീരുമാനം വരുന്നതിന് മുമ്പായിരിക്കാം ദൃശ്യം 2 ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പുനര്‍ചിന്തനത്തിന് ഇനിയും സമയമുണ്ട്. എന്തായാലും ഈ തീരുമാനത്തിന് പിന്നില്‍ നിര്‍മാതാവിന് വ്യക്തമായ കാരണങ്ങളുണ്ടാകും. അല്ലെങ്കില്‍ മോഹന്‍ലാലൊന്നും അതിന് സമ്മതിക്കില്ലല്ലോ.

തിയറ്ററില്‍ ഇനി നല്ല സിനിമകള്‍ വരണം, എങ്കില്‍ മാത്രമേ ഭയമില്ലാതെ ആളുകള്‍ സിനിമ കാണാനെത്തൂ. ദൃശ്യം 2 അങ്ങനെയുള്ള ഒരു സിനിമയാണെന്ന് പ്രതീക്ഷിക്കാം. ഇത്തരം സാധ്യതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും അവര്‍ ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ അതിനുള്ള കാരണങ്ങള്‍ അവര്‍ക്കുണ്ടാകാം. ഫിലിം ചേമ്പറിന്റെ ഉള്‍പ്പടെയുള്ള എതിര്‍പ്പ് താല്‍കാലികമാണെന്നും ഇതെല്ലാം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കോവിഡ് സാഹചര്യത്തില്‍ സ്‌കൂളുകളടക്കം തുറന്നപ്പോഴും സിനിമകള്‍ അവശ്യവസ്തുവല്ലാത്തത് കൊണ്ട് അത് മാത്രമാണ് തിയേറ്ററുകളുടെ കാര്യം അവസാനത്തേക്ക് വെച്ചിരുന്നത്. എല്ലാം തുറന്നപ്പോഴും സിനിമാതിയറ്ററുകള്‍ മാത്രം തുറക്കാതിരിക്കുന്നതിന്റെ വിഷമമുണ്ടായിരുന്നു. സിനിമയെ ആശ്രയിച്ച് ഒരുപാട് ആളുകള്‍ ജീവിക്കുന്നുണ്ട്. ഇവരുടെയൊക്കെ ജീവിതം കുറച്ചുമാസങ്ങളായിട്ട് കഷ്ടത്തിലാണ്. തിയേറ്റര്‍ തുറക്കാനുള്ള തീരുമാനം വന്നപ്പോള്‍ വലിയ സന്തോഷമായി.

Content Highlights: Sathyan Anthikkad on theater opening after covid lock down, Drishyam 2, release Mohanlal Movie OTT