
'സർക്കാരു വാരി പാട്ട'യിൽ നിന്നൊരു രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ് | youtu.be/2cVu7KZxW3c
തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'സർക്കാരു വാരി പാട്ട'യുടെ ചിത്രീകരണം പൂർത്തിയായി. തൊട്ടുപുറകേ തന്നെ ചിത്രത്തിൻ്റെ റീലീസ് തിയതിയും നിർമാതാക്കൾ പ്രഖ്യാപിച്ചു. മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. കോവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ കാരണം നിരവധി തവണ ചിത്രീകരണം മുടങ്ങുകയും റീലീസ് പദ്ധതികൾ മാറ്റി വേക്കേണ്ടിയും വന്നിരുന്നു.
പോയ വർഷം ഓഗസ്റ്റ് ഒൻപതാം തിയതി മഹേഷ് ബാബുവിൻ്റെ ജന്മദിനത്തിൽ 'സർക്കാരു വാരി പാട്ട ബർത്ത്ഡേ ബ്ലാസ്റ്റർ' എന്ന തലക്കെട്ടോടെയാണ് ആദ്യ ഔദ്യോഗിക ടീസർ പുറത്തിറക്കിയത്. ടീസറിൽ 2022 ജനുവരി 13 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒമിക്രോൺ മഹാമാരി വീണ്ടും വ്യാപിക്കുകയും ചിത്രീകരണം പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്ന ഏതാനും രംഗങ്ങൾ നീണ്ടുപോകുകയും റീലീസ് ഡേറ്റ് വിഷയത്തിൽ അനിശ്ചിതത്വം നേരിടുകയുമായിരുന്നു.
പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ നവീൻ യെർനേനി, വൈ. രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി ചേർന്നാണ് നിർമിക്കുന്നത്. കേരളമുൾപ്പെടെ തെന്നിന്ത്യയിൽ മൊത്തം വൻ വിജയമായി മാറിയ 'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട.
ഏകദേശം രണ്ടര വർഷത്തിന് ശേഷമാണ് മഹേഷ് ബാബുവിൻ്റെ ഒരു ചിത്രം തിയേറ്ററുകളിലെത്താൻ പോകുന്നത്. 2020 പൊങ്കൽ സീസണിൽ തിയേറ്ററുകളിൽ എത്തി വമ്പൻ വിജയം കൈവരിച്ച 'സരിലേരു നീക്കേവരു' ആണ് അവസാനമായി തിയേറ്ററുകളിൽ എത്തിയ മഹേഷ് ബാബു ചിത്രം. ഭരത് അനെ നേനു, മഹർഷി, സരിലേരു നീക്കേവരു എന്നീ മൂന്ന് ചിത്രങ്ങളും മെഗാ വിജയങ്ങൾ ആക്കി ഹാട്രിക് വിജയക്കുതിപ്പിൽ നിൽക്കുമ്പോളായിരുന്നു കോവിഡ് പ്രതിസന്ധി ഇത്രയും വല്യ ഒരു ഇടവേള മഹേഷ് ബാബുവിൻ്റെ കരിയറിൽ സൃഷ്ടിച്ചത്.
ആയിരം കോടി പിന്നിട്ട് ബോക്സ് ഓഫീസിൽ മഹാവിജയ ജൈത്രയാത്ര ഇപ്പോഴും തുടരുന്ന മൾട്ടിസ്റ്റാർ ചിത്രം 'ആർ ആർ ആർ'ൻ്റെ റിലീസിന് തൊട്ടുപിന്നാലെ ചിത്രത്തിൻ്റെ സംവിധായകൻ എസ് എസ് രാജമൗലി തൻ്റെ അടുത്ത മെഗാ ബഡ്ജറ്റ് ചിത്രം മഹേഷ് ബാബുവിനെ നായകനാക്കി പ്രഖ്യാപിച്ചതിൻ്റെ ആവേശത്തിൽ മഹേഷ് ബാബു ആരാധകർ നിൽക്കുമ്പോളാണ് തൊട്ട് പിന്നാലെ 'സർക്കാരു വാരി പാട്ട'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
കീർത്തി സുരേഷാണ് നായിക. പുതുമുഖ നടിയായ സൗമ്യ മേനോനും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ട് നായികമാരും മലയാളികൾ ആണെന്ന പ്രത്യേകത കൂടിയുണ്ട്. ഇവർക്ക് പുറമെ വെണ്ണലാ കിഷോർ, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
എസ്. തമൻ സംഗീതം നൽകുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആർ. മാധിയാണ് നിർവ്വഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ: രാജ് കുമാർ, ചിത്രസംയോജനം: മാർത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, സംഘട്ടനം: റാം - ലക്ഷ്മൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിജയ റാം പ്രസാദ്, സിഇഒ: ജെറി ചന്തു, വി.എഫ്.എക്സ്: യുഗന്ധർ.ടി. വാർത്താ പ്രചരണം: പി.ശിവപ്രസാദ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..