വിവാദങ്ങളുടെ തലവേദന വിജയുടെ പുതിയ സിനിമ  സര്‍ക്കാരിനെ വിട്ടൊഴിയുന്നില്ല. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ തലപൊക്കിയിരിക്കുകയാണ്. ചിത്രം തമിഴ്നാട് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം

'സര്‍ക്കാര്‍' നടപ്പാക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്‍മുഖന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതാണ് ചിത്രം. ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനമാണ് ഇതെന്നും മന്ത്രി പറഞ്ഞു. 

''വിജയ്ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിയെടുക്കും. സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന സീനുകള്‍ വെട്ടിമാറ്റിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മറ്റൊരു മന്ത്രിയായ കടമ്പൂര്‍ സി രാജ വ്യക്തമാക്കിയിരുന്നു''. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണുമെന്നും രാജ പറഞ്ഞു. 

ബോക്‌സോഫീസ് തകര്‍ത്ത് രണ്ട് ദിവസം കൊണ്ട് 100 കോടിയാണ് സര്‍ക്കാര്‍ നേടിയ കളക്ഷന്‍. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ക്ഷേമ പദ്ധതികളെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന മധുരയിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററിന് മുന്നില്‍ എഐഎഡിഎംകെ നേതാക്കള്‍ പ്രതിഷേധിച്ചു. വിവാദ രംഗങ്ങള്‍ ഒഴിവാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

വിജയുടെ ചിത്രങ്ങള്‍ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വിവാദമായിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മെര്‍സലിനെതിരെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 

ContentHighlights: Vijay new movie, sarkkar tamil movie, tamil government and sarkkar tamil movie, ar murugadoss, mersal