ശരത് സ്ഥാപിച്ച ഹോർഡിങ്
സിനിമ സ്വപ്നം കാണുന്ന ഒരുപാടാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ചിലര്‍ ആ മോഹം ആരോടും പങ്കുവയ്ക്കാതെ പൂട്ടിവയ്ക്കും. മറ്റുചിലര്‍ അത് തുറന്ന് സമ്മതിക്കും. എന്നാല്‍ ആ സ്വപ്നം ഹോര്ഡിങ്ങിലെഴുതി പൊതുമധ്യത്തില്‍ വച്ചാലോ? അങ്ങനെയുള്ള ഒരാളാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്. എറണാകുളം പുതിയകാവ്- തൃപ്പൂണിത്തുറ റോഡിലാണ് ശരത് ഹോർഡിങ് സ്ഥാപിച്ചത്. കൂടെ അദ്ദേഹത്തിന്റെ ചിത്രവും ഫോണ്‍ നമ്പറുമുണ്ട്. ആര്‍ക്കുവേണമെങ്കിലും അവസരം നല്‍കാം. ഇത്തരമൊരു ആശയത്തിലേക്ക് എത്തിയതിനെക്കുറിച്ച് ശരത് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവയ്ക്കുന്നു.
നിവൃത്തിയില്ലാതെയാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. പത്താം ക്ലാസു മുതല്‍ ഞാന്‍ ഏതാനും സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷമായി പലരോടും ചാന്‍സ് ചോദിക്കുന്നു. ഒട്ടേറെ ഓഡിഷനില്‍ പങ്കെടുത്തു. എന്നാല്‍ ആരും നല്ല അവസരം നല്‍കിയില്ല. ഒടുവില്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് തോന്നിയതിനാലാണ് ബോര്‍ഡ് വച്ചത്. ഇതെന്റെ അവസാനത്തെ വഴിയാണ്.
ഇപ്പോള്‍ സിനിമാക്കാര് കൂടുതലും കൊച്ചിയിലാണ്. അതുകൊണ്ടാണ് എറണാകുളം ജില്ലയില്‍ തന്നെ ഹോര്‍ഡിങ് വച്ചത്. ഇതുകണ്ടിട്ടെങ്കിലും ആരെങ്കിലും വിളിക്കുകയാണെങ്കില്‍ അത് നല്ലതല്ലേ. പലരും എന്നെ പരിഹസിക്കുമെന്ന് അറിയാം. പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. സിനിമയോട് അത്രയും മോഹമുണ്ടെനിക്ക്. ഇല്ലെങ്കില്‍ ഞാന്‍ ഇത്രയും വലിയ ഒരു സാഹസത്തിന് മുതിരുമോ? 40 വര്‍ഷം മുന്‍പ് മമ്മൂക്ക പത്രത്തില്‍ ഇതുപോലെ പരസ്യം കൊടുത്തില്ലേ. അദ്ദേഹമാണ് എന്റെ മാതൃക.
ഇപ്പോള്‍ ബസ് ഡ്രൈവറായി ജോലി നോക്കുകയാണ് ഞാന്‍. എന്റെ മൂന്ന് മാസത്തെ സമ്പാദ്യമെല്ലാം ചേര്‍ത്തുവച്ചാണ് ഹോര്‍ഡിങ് വച്ചത്. 25000 രൂപയോളമായി. ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ വിളിക്കട്ടെ. ഇതിനേക്കാള്‍ നന്നായി ചാന്‍സ് ചോദിക്കാന്‍ എനിക്കറിയില്ല.- ശരത് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..