ടയ്ക്കിടെ വില്ലനായെത്തുന്ന ട്യൂമറിനോട് ധീരമായി പടപൊരുതി, ഒന്‍പത് വര്‍ഷത്തോളം മരണത്തിന് കീഴടങ്ങാതെ പിടിച്ചു നിന്നു. ഒട്ടേറെ തവണ മരണത്തെ മുന്നില്‍ കണ്ടിട്ടെണ്ടിലും ചെറുപുഞ്ചിരിയോടെ നേരിട്ടു. ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ യാത്രയായിരിക്കുകയാണ്.

കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ, കണ്ണൂരിലെ ജവഹര്‍ലാല്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു. നര്‍ത്തകി കൂടിയായ ശരണ്യ, ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. 

സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. തലപ്പാവില്‍ ലാലിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷമാണ്  ശരണ്യ അവതരിപ്പിച്ചത്. മധുപാല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ശരണ്യയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെ വാസ്‌കോ ഡ ഗാമ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് ശരണ്യ ചെയ്തത്.

അഭിനയരംഗത്ത് സജീവമായിരിക്കേ ശരണ്യ ബിദുരം പൂര്‍ത്തിയാക്കി. 2012-ലാണ് തലച്ചോറിന് ട്യൂമര്‍ ബാധിക്കുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ പതിനൊന്നോളം ശസ്ത്രക്രിയകള്‍ ചെയ്തു. ചികിത്സാ കാലയളവിലും ഏതാനും സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുര്‍ബലമായി. ഭാരവും വര്‍ദ്ധിച്ചതോടെ ശരണ്യ അഭിനയത്തോട് വിട പറഞ്ഞു. ഈ കാലയളവില്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ശരണ്യ ഫിസിയോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരികെ വരണമെന്നും അഭിനയരംഗത്തേക്ക് മടങ്ങണമെന്നും ശരണ്യ അതിയായി ആഗ്രഹിച്ചിരുന്നു. 

സഹോദരങ്ങള്‍: ശരണ്‍, ശോണിമ. അമ്മ ഗീതയായിരുന്നു ചികിത്സയിലും ജീവിതത്തിലും എപ്പോഴും ഒപ്പമുണ്ടായിരുന്നത്. നടി സീമ ജി. നായരാണ് ശരണ്യയുടെ ജീവിതത്തില്‍ ഏറെ സഹായകമായി നിന്ന മറ്റൊരു വ്യക്തി. സീമ ജി. നായരുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയും മറ്റ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമൊക്കെ സഹായിച്ച് സ്നേഹസീമ എന്നൊരു വീട് ശരണ്യ സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. 
 
കോവിഡ് ബാധിച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയില്‍നിന്ന് മുക്തയായ ശരണ്യ വീട്ടില്‍ തിരിച്ചെത്തി. പിന്നീട് രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Content Highlights: Saranya Sasi passed away, cancer fight struggle, thalappavu, chotta mumbai