മിനിസ്ക്രീൻ പ്രേക്ഷകരുടെ ഉള്ളിൽ വലിയൊരു നോവ് ബാക്കി വച്ചാണ് നടി ശരണ്യ ശശി വിടവാങ്ങുന്നത്. വർഷങ്ങളായി തന്നെ കീഴ്പെടുത്താൻ വന്ന ട്യൂമറിനോട് ധീരമായി പടപൊരുതിയുള്ള മടക്കം. ഒട്ടേറെ തവണ മരണത്തെ മുന്നിൽ കണ്ടിട്ടുണ്ട് ശരണ്യ. ഇനിയൊരു തിരിച്ചു വരവില്ലെന്നുറപ്പിച്ച നിമിഷങ്ങളെ കീഴടക്കി പുഞ്ചിരിയോടെ ആശുപത്രി വിട്ടിറങ്ങിയിട്ടുമുണ്ട്.

മാസങ്ങൾക്ക് മുമ്പും അത്തരത്തിലൊരു തിരിച്ചു വരവ് താരത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. ട്യൂമറിനുള്ള ഒമ്പതാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞ് ഏതാണ്ട് തളർന്ന അവസ്ഥയിലായി പോയിരുന്ന ശരണ്യ ഫിസിയോ തെറാപ്പിയും ചികിത്സയും കൊണ്ട് ജീവിതത്തിലേക്ക് വീണ്ടും പിച്ചവെച്ചു.

നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിൽ ചികിത്സയ്ക്കെത്തിയ ശരണ്യയുടെ മുഖത്ത് പ്രസരിപ്പും ഉന്മേഷവും വന്നു തുടങ്ങിയ സന്തോഷം താരത്തിന്റെ അമ്മ ​ഗീത ഒരിക്കൽ പങ്കുവച്ചിരുന്നു. അതെന്നും അങ്ങനെ തന്നെ ദൈവം തന്നാൽ മതിയെന്ന പ്രാർഥനയാണ് ആ അമ്മയ്ക്കുണ്ടായിരുന്നത്.

ഏതാണ്ട് ആറേഴ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർബാധ സ്ഥിരീകരിക്കുന്നത്... തുടർന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വർഷവും ട്യൂമർ മൂർധന്യാവസ്ഥയിൽ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ശരണ്യയുടെ അവസ്ഥ പുറത്തറിയിച്ചതും ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഒപ്പം നിന്നതും നടി സീമ ജി നായരായിരുന്നു.

സ്വന്തമായി വീട് പോലുമില്ലാത്ത ശരണ്യയുടെ അവസ്ഥ കണ്ടറിഞ്ഞ സുമനസുകളുടെ സഹായത്താൽ താരത്തിന് ഒരു വീടൊരുങ്ങിയതും ഈയിടെ. തനിക്ക് താങ്ങും തണലുമായി നിന്ന സീമയോടുള്ള സ്നേഹവും കടപ്പാടും കൊണ്ടാണ് ശരണ്യ തന്റെ വീടിന് 'സ്നേഹസീമ' എന്ന പേര് നൽകിയത്. എന്നാൽ തന്റെ സ്വപ്നകൂടിൽ കൊതി തീരെ താമസിക്കാൻ ശരണ്യയ്ക്ക് ആയില്ല.

കോവിഡ് ബാധിച്ച് കുറച്ച് നാളുകൾക്ക് മുൻപാണ് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയിൽ നിന്ന് മുക്തയായ ശരണ്യ നീട്ടിൽ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.

content highlights : actress saranya sasi passed away, fight against brain tumor, Seema G Nair