അച്ഛൻ സെയ്ഫ് അലി ഖാനും അമ്മ അമൃത സിങ്ങും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് ബോളിവുഡ് നടി സാറ അലി ഖാൻ.  സാറയുടെ ബാല്യകാലത്താണ്‌ താരദമ്പതിമാർ വിവാഹമോചിതരാകുന്നത്. സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കൾ ഉണ്ടെങ്കിൽ താൻ എന്തിനാണ് സങ്കടപ്പെടുന്നതെന്നാണ് സാറ അച്ഛനമ്മമാരുടെ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. 

"പ്രായത്തിൽ കവിഞ്ഞ പക്വത അന്നെനിക്കുണ്ടായിരുന്നു. ഒൻപത് വയസുള്ളപ്പോൾ തന്നെ ഈ രണ്ട് വ്യക്തികൾ ഞങ്ങളുടെ വീട്ടിൽ സന്തോഷത്തോടെ അല്ല ജീവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള  പക്വത എനിക്കുണ്ടായിരുന്നു. പെട്ടെന്ന് രണ്ട് പുതിയ വീടുകളിൽ ഏറെ സന്തോഷത്തോടെ അവർ ജീവിക്കാൻ തുടങ്ങി.  10 വർഷത്തോളം ചിരിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്ന എന്റെ അമ്മ, അവർ അർഹിക്കുന്നതുപോലെ, പെട്ടെന്ന് സന്തോഷവതിയും സുന്ദരിയും ആവേശഭരിതയുമായി ജീവിക്കാൻ തുടങ്ങി. സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കൾ ഉണ്ടെങ്കിൽ ഞാൻ എന്തിനാണ് സങ്കടപ്പെടുന്നത്.

അതുകൊണ്ട് അവരുടെ വിവാഹമോചനം എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. അവരിന്ന് അവരുടെ ജീവിതത്തിൽ ഏറെ സന്തോഷത്തിലാണ്. എന്റെ അമ്മ പൊട്ടിച്ചിരിക്കുന്നതും, തമാശകൾ പറയുന്നതും പൊട്ടത്തരങ്ങൾ ചെയ്യുന്നതുമെല്ലാം ഞാനിന്ന് കാണുന്നു. അതെല്ലാം ഏറെ നാളുകൾ എനിക്ക് നഷ്ടമായ കാഴ്ച്ചകളായിരുന്നു. അമ്മയെ വീണ്ടും ഇതുപോലെ കാണാനാവുന്നത് ഏറെ സന്തോഷം നൽകുന്ന കാഴ്ച്ചയാണ്."സാറ പറയുന്നു.

1991ലാണ് സെയ്ഫും അമൃതയും വിവാഹിതരാകുന്നത്. 13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2004ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഈ ബന്ധത്തിൽ സാറയെക്കൂടാതെ ഇബ്രാഹിം അലി ഖാൻ എന്നൊരു മകൻ കൂടിയുണ്ട്. പിന്നീട് 2012ൽ നടി കരീന കപൂറിനെ സെയ്ഫ് വിവാഹം ചെയ്തു. തൈമൂർ, ജഹാം​ഗീർ എന്നിവര്‍ മക്കളാണ്‌. 

സെയ്ഫിന്റെയും കരീനയുടെയും വിവാഹത്തിനായി തന്നെ ഒരുക്കിയത് അമ്മ അമൃത സിങ്ങ് ആണെന്ന് സാറ മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കരീനയുമായുള്ള തന്റെ വിവാഹത്തിൽ ഏറ്റവും ആഹ്‌ളാദിച്ചത് സാറയായിരുന്നുവെന്ന് സെയ്ഫും പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് താൻ അമൃതയ്ക്ക് കത്തയച്ചിരുന്നുവെന്നും അതും സാറയെ ഏറെ സന്തോഷിപ്പിച്ചുവെന്നും സെയ്ഫ് പറഞ്ഞു. മാത്രമല്ല തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മോശമായ കാര്യമായിരുന്നു വിവാഹമോചനമെന്നും സെയ്ഫ് വെളിപ്പെടുത്തിയിരുന്നു. 

"എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മോശമായ കാര്യമാണത്. അത് മനസിൽ നിന്ന് ഒരിക്കലും പോകുമെന്നു തോന്നുന്നില്ല. ചില കാര്യങ്ങൾ നമ്മളുടെ പരിധിയിൽ നിൽക്കില്ല. വിവാഹസമയത്ത് ഇരുപതു വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂവെന്നും തീരെ ചെറുപ്പമായിരുന്നില്ലേയെന്നും കരുതി ഞാൻ ആശ്വസിക്കുന്നു. കേൾക്കുമ്പോൾ വളരെ മോശമായി തോന്നാം. പക്ഷേ അത് തീർത്തും വിചിത്രമായൊരു കാര്യമാണ്. ചിന്തിക്കാൻ പോലും കഴിയാത്തത്ര വിചിത്രം. മാതാപിതാക്കൾ എന്ന് ഒന്നിച്ചു പറയുമെങ്കിലും അവർ വ്യത്യസ്ത വ്യക്തിത്വങ്ങൾ തന്നെയാണ്.

ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവർക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുള്ള വീട് എന്നത് പ്രധാനമാണ്. ഒരുകുട്ടിയും അത് ലഭിക്കാതെ വളരരുത്. എന്നാൽ അതവർക്ക് നൽകുക എന്നത് എളുപ്പവുമല്ല. കുടുംബമെന്നാൽ അതിലെ അംഗങ്ങൾക്കെല്ലാം ഒരുപോലെ ബഹുമാനം കല്പിക്കുന്ന ഒന്നാകണം. പരസ്പരം പരാതി പറയുന്ന ഒരു സാഹചര്യമുണ്ടാകരുത്. അതുതന്നെയാണ് കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ കാര്യം."വിവാഹമോചനത്തെക്കുറിച്ച് സെയ്ഫ് മനസ് തുറന്നത് ഇങ്ങനെ.

content highlights :  Sara Ali Khan about Saif Ali Khan and Amrita Singhs divorce says they were unhappy together