Photo Credits : Instagram| Sara Ali Khan
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്‍. ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് സാറ. ഇന്ന് കാണുന്ന സൈസ് സീറോ ഫിഗറിലെത്തുന്നതിന് മുന്‍പൊരു സാറയുണ്ടായിരുന്നു. ഏതാണ്ട് 100 കിലോയ്ക്ക് അടുത്ത് ശരീരഭാരമുണ്ടായിരുന്നു ബോളിവുഡില്‍ കാലെടുത്ത് വയ്ക്കുന്നതിന് മുന്‍പ് സാറയുടെ ശരീര ഭാരം. ആ സാറയെയും ഇന്നത്തെ സാറയെയും തിരിച്ചറിയുക പ്രയാസം.
ഇപ്പോഴിതാ, തന്റെ തിരിച്ചറിയല്‍ കാര്‍ഡിലെ ചിത്രം കണ്ട് യുഎസ് വിമാനത്താവളത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടി വന്ന സാഹചര്യം പങ്കുവയ്ക്കുകയാണു താരം. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
'തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്ന സമയത്ത് എന്റെ ശരീരഭാരം 96 കിലോയായിരുന്നു. ആ ഫോട്ടോയാണ് കാര്‍ഡില്‍. അതുകാരണം എനിക്ക് ചില പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്റെ തിരിച്ചറിയല്‍ കാര്‍ഡ് നോക്കി പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ ആരാണിതെന്ന ഭാവത്തില്‍ കുറെ നേരം എന്നെയും ഐഡി കാര്‍ഡും മാറിമാറി നോക്കും. പ്രത്യേകിച്ചും അമേരിക്കയില്‍.' സാറ പറഞ്ഞു.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലാണ് സാറ പഠിക്കുന്നത്. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറുന്നതിന് മുന്‍പുതന്നെ സാറ തന്റെ 26 കിലോ ഭാരം കുറച്ചിരുന്നു. 'എന്റെ റെഗുലര്‍ വിസയിലുള്ള ചിത്രവും വിദ്യാര്‍ഥി വിസയിലെ ചിത്രവും ഞാനും എല്ലാം വ്യത്യസ്തമാണ്. ഇതെന്താണ് ഇങ്ങനെയെന്നാണ് പലരുടെയും മുഖഭാവം. സംശയം തോന്നുന്നതില്‍ ആരെയും തെറ്റു പറയാന്‍ കഴിയില്ല. പിന്നെ എന്റെ സര്‍നെയിം സുല്‍ത്താന്‍ എന്നാണ്... അത് അമേരിക്കയുമാണ്. ബാക്കി നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ..കൂടുതല്‍ ഞാന്‍ ഒന്നും പറയുന്നില്ല. കാരണം എനിക്ക് ന്യൂയോര്‍ക്കിലേക്ക് മടങ്ങി പോകേണ്ടതാണ്' സാറ പറയുന്നു.
സിനിമയിലെത്തുന്നതിന് മുന്‍പ് 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ ഭാരം. കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത്. തനിക്ക് പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) ഉള്ളതിനാലാണ് വണ്ണം കൂടിക്കൊണ്ടിരുന്നത് എന്ന് സാറ മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
Content Highlights : Sara Ali Khan Shares How Her Physical Transformation Made US Airport Authorities Skeptical, Sara Ali Khan Fitness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..