ട്രെയിന്‍ യാത്രക്കിടെ നടി സനുഷയെ ഒരാള്‍ ശല്യം ചെയ്യാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ എം. ശശികുമാര്‍. 

'സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ അപലപനീയമാണ്. അതു പോലെ തന്നെ മനുഷ്യത്വരഹിതമാണ് ഇത്തരം സംഭവങ്ങള്‍ കണ്‍മുന്‍പില്‍ കാണുമ്പോള്‍ സഹായിക്കാതെ നോക്കി നില്‍ക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്യം സംരക്ഷിക്കപ്പെടണം'- ശശികുമാര്‍ ട്വീറ്റ് ചെയ്തു. 

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സനുഷയെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. 

ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട് സ്വദേശി ആന്റോ ബോസാണ് സംഭവത്തില്‍ അറസ്റ്റിലായത്.

അക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കിയിരുന്നു.