സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് സൗണ്ട് ഡിസൈനറും ഫീള്‍ഡ് റെക്കോര്‍ഡിസ്റ്റുമായ ആദര്‍ശ് ജോസഫ് പാലമറ്റം. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന സിനിമയാണ് ആദര്‍ശിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. 

സംസ്ഥാന പുരസ്‌കാരം തന്നെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ആദര്‍ശ് പറയുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെ തേടിയെത്തിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'സംസ്ഥാന പുരസ്‌കാരം ലഭിച്ചതു വലിയ ആദരവാണ്. ഇത് എന്റെ സിനിമാജീവിതത്തിന്റെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നു ഞാന്‍ വിശ്വസിക്കുന്നു. സംവിധായകന്‍ ഡോണ്‍ പാലത്തറയ്ക്കും സംഘത്തിനുമൊപ്പം ജോലി ചെയ്യാനായതില്‍ എനിക്ക് സന്തോഷമുണ്ട്. അവര്‍ സിനിമയില്‍ സിങ്ക് സൗണ്ടിനും ശബ്ദത്തിനുമുള്ള പ്രാധാന്യം നല്ലപോലെ മനസ്സിലാക്കിയിരുന്നു.

എന്റെ സ്‌കൂള്‍ ദിനങ്ങളില്‍, ഞാന്‍ പള്ളിയിലെ ഗായകസംഘത്തില്‍ കീബോര്‍ഡിസ്റ്റ് ആയിരുന്നു. ഒരു സ്റ്റുഡിയോയില്‍ റെക്കോര്‍ഡിംഗില്‍ പങ്കെടുത്തിട്ടുമുണ്ട്. അവിടെ വച്ചാണു ഞാന്‍ ഓഡിയോ ഉപകരണങ്ങളുമായി പരിചയപ്പെടുന്നതും അതില്‍ താല്‍പര്യം ഉണ്ടാകുന്നതും. സ്‌കൂള്‍ കഴിഞ്ഞതിന് ശേഷം ഞാന്‍ ചെന്നൈയില്‍ ഓഡിയോ എഞ്ചിനീയറിംഗ് കോഴ്‌സ് ചെയ്തു. അതെനിക്കു സൗണ്ട് ഡിസൈനിലും സിങ്ക് സൗണ്ടിലും ലഭ്യമായ വിവിധ ധാരകള്‍ തുറന്നിട്ടുതന്നു.''

'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എനിക്കു വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു. കാരണം ഒറ്റ ഷോട്ടില്‍ രണ്ടു കഥാപാത്രങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുന്നതാണു വിഷയം. ഞങ്ങള്‍ മുന്നിലെ ഒരു കാറിലിരുന്നു അഭിനേതാക്കളുടെ സംഭാഷണങ്ങള്‍ വയര്‍ലെസ്സ് ലേപ്പലും അവരുടെ കാറില്‍ ഘടിപ്പിച്ച ഒരു ബൂമും ഉപയോഗിച്ചു റെക്കോര്‍ഡ് ചെയ്തു.

ആദ്യത്തെ വെല്ലുവിളി ഞങ്ങളുടേയും അവരുടേയും കാറുകള്‍ തമ്മിലുള്ള അകലം കാത്തുസൂക്ഷിക്കുന്നതായിരുന്നു. ഏതെങ്കിലും വിധത്തില്‍ അകലം കൂടുകയാണെങ്കില്‍ ശബ്ദം മുറിയുകയും റെക്കോര്‍ഡിംഗ് തടസ്സപ്പെടുകയും ചെയ്യും. രണ്ടാമത്തെ വെല്ലുവിളി നഗരത്തില്‍ വച്ചു ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന എല്ലാ ഫ്രീക്വന്‍സി തടസ്സങ്ങളും ഒഴിവാക്കുന്നതായിരുന്നു. അതുകൊണ്ടു ഞങ്ങള്‍ അഭിനേതാക്കളോടു രണ്ടു കാറുകള്‍ തമ്മിലും കൃത്യമായ അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ജിതിന്‍ അതു മികച്ച രീതിയില്‍ ചെയ്തതുകൊണ്ടു സമ്മര്‍ദ്ദം ഇല്ലാതെ ഷൂട്ട് ചെയ്യാന്‍ സാധിച്ചു'- ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ഡോണ്‍ പാലത്തറയും നിര്‍മ്മാതാവ് ഷിജോ ജോര്‍ജ്ജും ആദര്‍ശിന്റെ നേട്ടത്തെ പ്രകീര്‍ത്തിക്കുന്നു.

'കോവിഡ് മഹാമാരിയുടെ ഉച്ചസ്ഥായിയിലും നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പ്രൊജക്റ്റ് പൂര്‍ത്തിയാക്കിയതു മുഴുവന്‍ സംഘവും ഒരുമിച്ച് ആഘോഷിക്കുന്നു. ''ആദര്‍ശുമൊത്തുള്ള എന്റെ രണ്ടാമത്തെ സിനിമയാണിത്. ഞാന്‍ ആദ്യം സിംഗിള്‍ ഷോട്ട് എന്ന ആശയവും സൗണ്ട് റെക്കോര്‍ഡിസ്റ്റ് എന്ന നിലയില്‍ ഉണ്ടാകാവുന്ന വെല്ലുവിളികളും പറഞ്ഞപ്പോള്‍ ആദര്‍ശ് വളരെ ആത്മവിശ്വാസത്തോടെ ആ ദൗത്യം ഏറ്റെടുത്തു. ഞങ്ങള്‍ ഒരു ചെറിയ സംഘവുമായാണു ജോലി ചെയ്തത്. ആദര്‍ശിനു സിനിമയില്‍ അസ്സിസ്റ്റന്റുമാര്‍ ഉണ്ടായിരുന്നുമില്ല'- ഡോണ്‍ പാലത്തറ പറഞ്ഞു. 

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിക്കപ്പെടുകയും മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രശംസ നേടുകയും ചെയ്ത ചിത്രമാണ് 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം'. 

ഒറ്റഷോട്ടില്‍ എടുത്ത 85 മിനിറ്റുകള്‍ ഉള്ള സിനിമ കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണു തയ്യാറാക്കിയിരിക്കുന്നത്. മരിയ, ജിതിന്‍ എന്നീ കമിതാക്കളുടെ ജീവിതം അവര്‍ ഒരുമിച്ച് ഒരു കാര്‍ യാത്ര ചെയ്യുമ്പോള്‍ പറയുന്നു. അവരുടെ അഗാധമായ ബന്ധത്തിലെ കടുത്ത തര്‍ക്കങ്ങളും കാരണമില്ലാത്ത കൗശലങ്ങളും സിനിമയില്‍ അവതരിപ്പിക്കുന്നു.നീംസ്ട്രീം, കേവ്, റൂട്ട്‌സ്, സൈന പ്ലേ, മെയിന്‍സ്ട്രീം തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം ലഭ്യമാണ്.

Content Highlights: santhoshathinte onnam rahasyam, Adarsh Joseph Palamattam, sync sound, Kerala State Film Awards