സിവിന്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസം ശ്രീധന്യയുടെ വീട്ടിലെത്തിയ പണ്ഡിറ്റ് ഫര്‍ണീച്ചറുകള്‍ സമ്മാനമായി നില്‍കി. വീട്ടില്‍ അത്യാവശ്യം ഉപയോഗിക്കാന്‍ വേണ്ട മേശ, കസേര, കട്ടില്‍, കിടക്ക, അലമാര എന്നിവയാണ് പണ്ഡിറ്റ് ശ്രീധന്യക്കും കുടുംബത്തിനും നല്‍കിയത്. 

പണ്ഡിറ്റ് നല്‍കിയ സഹായം ഒരിക്കലും മറക്കില്ലെന്ന് ശ്രീധന്യയുടെ മാതാപിതാക്കളായ കമലയും സുരേഷും പറഞ്ഞു. ഒരുപാട് ആളുകള്‍ സഹായം മുന്‍പ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും അത് പാലിക്കപ്പെടാറില്ലെന്ന് അവര്‍ പറയുന്നു. പ്രാരാബ്ധങ്ങള്‍ ഏറെയുണ്ടെങ്കിലും മകളുടെ വിജയത്തിന്റെ സന്തോഷത്തിലാണ് ആ കുടുംബം.

കുറിച്യ ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ വ്യക്തിയാണ് ശ്രീധന്യ. രണ്ടാം പരിശ്രമത്തിലാണ് ശ്രീധന്യ നേട്ടം കരസ്ഥമാക്കിയത്. മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ പണ്ഡിറ്റ് ശ്രീധന്യയെ നേരിട്ട് അഭിനന്ദിക്കാന്‍ എത്തിയതായിരുന്നു. താനൊരു കോടീശ്വരന്‍ അല്ലെങ്കിലും തന്നെകൊണ്ട് കഴിയുന്ന സഹായം ഇനിയും ചെയ്യുമെന്ന് പണ്ഡിറ്റ് പറഞ്ഞു. 

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഞാന്‍ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദര്‍ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയ്).. എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മവിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവര്‍ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

Content Highlights: santhosh pandit visit sreedhanya suresh upsc rank holder family gifts furniture