പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു വിത്സൺ, സന്തോഷ് നാരായണൻ
തെന്നിന്ത്യൻ സംഗീത സംവിധായകൻ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക്. വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ന് പശ്ചാത്തലസംഗീതം ഒരുക്കിയാണ് സന്തോഷ് നാരായണന്‍ മലയാളത്തില്‍ എത്തുന്നത്. എം.ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
സന്തോഷ് നാരായണന്‍റെ മലയാളം അരങ്ങേറ്റം പ്രഖ്യാപിച്ചുകൊണ്ട് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഏറെ പ്രിയങ്കരനായ എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേർന്നൊരുക്കിയ മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിന്‍റെ മാറ്റു കൂട്ടുന്നതാണ്. ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത അറിയിക്കുന്നു. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞൻ സന്തോഷ് നാരായണൻ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ബാക്ഗ്രൗണ്ട് സ്കോറിംഗ് ചെയ്യുന്നു. സന്തോഷ് നാരായണൻ മലയാളത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണിത്. ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങൾ ചെയ്ത സതീഷ് ആണ് സൗണ്ട് ഇഫക്ട്സ് ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ റിലീസോടെ സിജു വിൽസൺ എന്ന യുവനടൻ മലയാളസിനിമയുടെ മൂല്യവത്താർന്ന താര പദവിയിലേക്ക് ഉയരും എന്ന് എന്‍റെ എളിയ മനസ്സ് പറയുന്നു. എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ...
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കർ എന്ന നവോത്ഥാന നായകന്റെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സനാണ് ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. കായംകുളം കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദും ചിത്രത്തിലെത്തുന്നുണ്ട്. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Content Highlights : Santhosh Narayanan to do bgm in Pathonpathaam Noottandu movie by Vinayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..