സന്തോഷ് കുരുവിള, റോബിൻ
റിയാലിറ്റി ഷോ മത്സരാര്‍ഥിയായ റോബിന്‍ രാധാകൃഷ്ണനുമായി ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരണവുമായി നിര്‍മാതാവ് സന്തോഷ് കുരുവിള. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് റിലീസ് ചെയ്തത്. സിനിമ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെന്നും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തത് റോബിന്റെ നേതൃത്വത്തില്‍ ആണെന്നും നിര്‍മാതാവിന് യാതൊരു പങ്കില്ലെന്നും ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് സന്തോഷ് കുരുവിള പ്രതികരണവുമായി രംഗത്ത് വന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതാണെന്ന് സന്തോഷ് കുരുവിള കുറിച്ചു. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സന്തോഷ് കുരുവിളയുടെ കുറിപ്പ്
ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ , ബിഗ്‌ബോസ് ഷോയില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം അദ്ദേഹത്തിന്റെ സിനിമാ പ്രവേശനത്തിനുള്ള സാധ്യതകളാരായാന്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എന്നെ സമീപിച്ചിരുന്നു എന്നത് വസ്തുതയാണ്.
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര മോഹങ്ങളെ സാകൂതം ശ്രവിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന് അനുയോജ്യമായ ഒരു സബ്ജക്ടും അത് നിര്‍വ്വഹിക്കുവാന്‍ തയ്യാറായ സങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുമായ് പരിശ്രമങ്ങള്‍ എന്റെ നിര്‍മ്മാണ കമ്പനി ആരംഭിയ്ക്കുകയും ചെയ്തിരുന്നു.
വരുവാന്‍ പോവുന്ന പ്രൊജക്ടിനെ ക്കുറിച്ചുള്ള മീഡിയാ അപ്‌ഡേഷന്‍സും കൂടാതെ ശ്രീ മോഹന്‍ലാലിന്റെ പേജിലൂടെ നടത്തിയ പ്രഖ്യാപനവും ഡോക്ടര്‍ റോബിന്റേയും ടീമിന്റേയും നേതൃത്വത്തില്‍ നടന്നിട്ടുള്ളതാണ്. ആ ഘട്ടത്തില്‍ തന്നെ ശ്രീ റോബിന്‍ രാധാകൃഷ്ണന്‍ മലയാളത്തിലെ നിരവധിയായ നിര്‍മ്മാതാക്കളെ കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു എന്നാണ് അറിഞ്ഞിരുന്നത്.
കോവിഡാനന്തരം, സിനിമാ മേഖലയിലാകെ ഉണ്ടാകുന്ന മാറ്റങ്ങളെ നിരീക്ഷിയ്ക്കുകയും പിന്നീട് വളരെയധികം അവധാനതയോടു കൂടിയുമാണ് ഓരോ പ്രൊജക്ടുകളെയും സമീപിച്ചു വരുന്നത്.
അടിസ്ഥാനപരമായ് ഞാനൊരു പ്രവാസി വ്യവസായിയും നിരവധി രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. സിനിമാ നിര്‍മ്മാണം ഒരു ബിസിനസ്സ് നിലയില്‍ എന്റെ പ്രഥമ പരിഗണനയിലുള്ള ഒന്നല്ല എന്നതാണ് വാസ്തവം പക്ഷെ സിനിമ വ്യക്തിപരമായ് ഒരു പാഷന്‍തന്നെയാണ് ഇപ്പോഴും എപ്പോഴും ! ഏതൊരു പ്രൊജക്ടിനും ഒരു മികച്ച സബ്ജക്ടും ടീമും ഉരുത്തിരിയുന്നതുവരെ കാത്തിരിയ്ക്കുക എന്നതാണ് ഒരു ശൈലിയായ് സ്വീകരിച്ചിട്ടുള്ളത്.അഥവാ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ അത് ഉപേക്ഷിയ്ക്കുകയും ചെയ്‌തേക്കാം.
ഡോ റോബിന്‍ രാധാകൃഷ്ണന്‍ സിനിമാ മേഖലയില്‍ സ്വപ്രയത്‌നത്താല്‍ ഉയര്‍ന്ന് വരുന്നതിനും ശോഭിയ്ക്കുകയും ചെയ്യുന്നതിന് യാതൊരു വിധ പ്രശ്‌നങ്ങളും ഉള്ളതായ് കരുതുന്നില്ല. നിലവില്‍ അദ്ദേഹത്തിനും ചുറ്റും നവമാധ്യമങ്ങളില്‍ നടക്കുന്ന വിവാദങ്ങളില്‍ ഭാഗഭാക്കാവാന്‍ വ്യക്തിപരമായും അല്ലാതേയും താല്‍പര്യമില്ല എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ .
Content Highlights: santhosh kuruvila reacts on robin radhakrishnan film, Instagram post, controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..