കൊച്ചി പഴയ കൊച്ചിയല്ല, മെട്രോയും സ്മാര്‍ട്ട് സിറ്റിയുമൊക്കെ വന്ന് ഒരുപാട് മാറി പഴയ കൊച്ചി. മുപ്പത് കൊല്ലത്തെ മാറ്റത്തിനിടയ്ക്ക് മാറിയ നഗരത്തിൽ മാറാതെ ഒന്നു മാത്രം നിന്നു. 100 വര്‍ഷം പഴക്കമുള്ള ഒരു കൊച്ചുവീട്.

'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്ന ചിത്രം കാണാത്ത മലയാളികള്‍ വിരളമായിരിക്കും. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, കാര്‍ത്തിക, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍ എന്നിവരാണ് മുഖ്യവേഷത്തിലെത്തിയത്. കടക്കെണിയിലായ സ്വന്തം കുടുംബത്തെ കരകയറ്റാൻ  ടൗണില്‍ വാടകയ്ക്കു കൊടുത്ത സ്വന്തം വീട് വില്‍ക്കാന്‍ കഷ്ടപ്പെടുന്ന ഗോപാലകൃഷ്ണ പണിക്കരുടെ കഥ നര്‍മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചത്.

എന്നാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗോപാലകൃഷ്ണ പണിക്കര്‍ ഒഴിപ്പിക്കാനെത്തിയ തന്റെ വാടക വീടിന് യാതൊരു മാറ്റവുമില്ല. നഗരത്തിന്റെ മുഖച്ഛായ മാറിയെങ്കിലും എംജി റോഡിനടുത്തുള്ള ചാക്യാത്ത് വീട് ഇപ്പോഴും ഉണ്ട്.

നിനച്ചിരിക്കാതെ ചാക്യാത്ത് വീട്ടില്‍ കഴിഞ്ഞ ദിവസം ഒരു അഥിതിയെത്തി. ചിത്രത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. അന്നുണ്ടായിരുന്നവരെല്ലാം ഇന്നും ആ വീട്ടിലുണ്ടായിരുന്നു. എല്ലാവരുടെയും തല അല്‍പം നരച്ചുവെന്നു മാത്രം. വീടിന്റെ ഉടമസ്ഥ രാധ എസ് മേനോനും മകള്‍ ലീല ശ്രീകുമാറും മറ്റു കുടുംബാംഗങ്ങളും ചാക്യാത്ത് വീടിനകത്തേക്ക് ക്ഷണിച്ചപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ഓര്‍മകളിൽ ഒരു ഫ്ലാഷ്ബാക്ക് തിരതല്ലി.

Sanmanassullavarkku Samadhanam

സത്യം പറഞ്ഞാല്‍ ചാക്യാത്ത് വീടിനെപ്പറ്റി കാലങ്ങളായി ഞാന്‍ ഓര്‍ക്കാറില്ല. മാതൃഭൂമിയില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ വീടിനെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചത്. 30 കൊല്ലത്തിനപ്പുറം ഈ വീട്ടിലേക്ക് കാലെടുത്തു വച്ചപ്പോള്‍ വല്ലാത്തൊരു ഗൃഹാതുരത്വം. ഇപ്പോഴും യാതൊരു മാറ്റവുമില്ല- സത്യന്‍ അന്തിക്കാട് പറയുന്നു.

വീടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ സംവിധായകന്‍ ആദ്യം നോക്കിയത് ആ ചാരുകസേരയുണ്ടോ എന്നാണ്. ചിത്രത്തില്‍ ഗോപാലകൃഷ്ണ പണിക്കരെ തട്ടിയിട്ട ആ പഴയ കസേര. യാതൊരു മാറ്റവുമില്ലാതെ അത് ഒരു മൂലയില്‍ ഇരിപ്പുണ്ടായിരുന്നു. പിന്നീട് സത്യന്‍ അന്തിക്കാട് ആ കസേരയില്‍ വിസ്തരിച്ചിരുന്നു. വീട്ടിലെ അംഗങ്ങളുമായി പഴയ ഓര്‍മകള്‍ പങ്കുവച്ചു.

Sanmanassullavarkku Samadhanam

വരാന്തയില്‍ ഇരുന്നപ്പോള്‍ സത്യന്‍ അന്തിക്കാടിനെ തേടിയെത്തിയത് പഴയ പല രംഗങ്ങളുമാണ്. ഗോപാലകൃഷ്ണ പണിക്കരുടെ ഉറക്കെയുള്ള നാമജപവും മീരയുമായുള്ള വഴക്കും ശ്രീനിവാസന്‍ അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ  രാജേന്ദ്രന്റെ വിരട്ടലും എല്ലാം അദ്ദേഹത്തിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഇത്രയും കാലം മാറ്റമില്ലാതെ ചാക്യാത്ത് വീട് സംരക്ഷിച്ചതിന് കുടുംബാംഗങ്ങളോട് നന്ദി പറഞ്ഞാണ് സംവിധായകന്‍ വിടവാങ്ങിയത്. 

Sanmanassullavarkku Samadhanam

സിനിമ ശുഭപര്യവസായി ആയിരുന്നെങ്കിലും വീടിന്റെ കഥ അങ്ങിനെയല്ല. നായികയുടെ ജീവിത ചുറ്റുപാടുകള്‍ അറിഞ്ഞ ഗോപാലകൃഷ്ണന് വീട് ഒഴിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും സെന്റിമെന്റ്സ് ഒന്നുമില്ലാത്ത കാലം ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ചാക്യാത്ത് വീട് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍മയായി തീരും. ഗോപാലകൃഷ്ണ പണിക്കര്‍ ഒഴിപ്പിക്കാനെത്തിയ ഈ വീടിന്റെ സ്ഥാനത്ത് വലിയൊരു ഫ്ലാറ്റ് സമുച്ചയം ഉയരാന്‍ പോവുകയാണ്.