പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു. രണ്‍ബീര്‍ കപൂറാണ് സംഭവബഹുമായ ജീവിതം നയിച്ച സഞ്ജയ് ദത്തിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍, സഞ്ജയ് ദത്തിന്റെ വേഷം അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ കഴിയുന്ന ഒരാളുണ്ട് ബോളിവുഡില്‍. വേറിട്ട വേഷങ്ങള്‍ കൊണ്ട് തന്റേതായ ഇരിപ്പിടം നേടിയെടുത്ത ആമിര്‍ ഖാനാണ് ഈ വേഷം ലഭിക്കാത്തതിന്റെ വിഷമം പങ്കുവച്ചത്. സഞ്ജയ് ദത്തിന്റെ ടൈറ്റില്‍ വേഷം ലഭിക്കാതിരുന്നതുകൊണ്ടാണ് താന്‍ രാജ്കുമാര്‍ ഹിരാനി വച്ചു നീട്ടിയ സുനില്‍ ദത്തിന്റെ വേഷം വേണ്ടെന്ന് വച്ചതെന്ന് ആമിര്‍ പറഞ്ഞു.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി ഹിരാനി എന്നെ സമീപിച്ചിരുന്നു. അതെനിക്ക് ഇഷ്ടമാവുകയും ചെയ്തു. ഞാന്‍ സുനില്‍ ദത്തിന്റെ വേഷം ചെയ്യണമെന്നായിരുന്നു ഹിരാനിയുടെ ആവശ്യം. അതൊരു ഗംഭീരവേഷമായിരുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. എന്നാല്‍, അതില്‍ അവിശ്വസനീയമാണ് സഞ്ജുവിന്റെ റോള്‍.

ഒരു നടനെന്ന നിലയില്‍ സഞ്ജയ് ദത്തിന്റെ റോള്‍ മനോഹരമാണെന്നും അതെനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഞാന്‍ രാജുവിനോട് (ഹിറാനി) പറഞ്ഞു. അതുകൊണ്ട് തന്നെ സഞ്ജയ് ദത്തിന്റേതല്ലാതെ മറ്റൊരു വേഷവും എനിക്ക് ചെയ്യാനാവില്ല. സഞ്ജയ് ദത്തിന്റെ വേഷമാവട്ടെ രണ്‍ബീര്‍ കപൂര്‍ ചെയ്യുന്നുണ്ടുതാനും. അതുകൊണ്ട് എനിക്ക് മറ്റൊരു വേഷവും വച്ചുനീട്ടേണ്ട-ഞാന്‍ ഹിരാനിയോട് പറഞ്ഞു.

ത്രി ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ ചിത്രങ്ങളില്‍ ആമിറിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഹിരാനി.

Content Highlights: Sanju SanjayDutt Biopic AamirKhan Bollywood SunilDutt Rajkumar Hirani