പുതിയ ചിത്രമായ പത്മാവതിയുടെ ലൊക്കേഷനില്‍ വച്ച് സഞ്ജയ് ലീല ബന്‍സാലിക്ക് മര്‍ദ്ദനമേറ്റു. ജയ്പൂരില്‍ വച്ച് ചിത്രീകരണം നടക്കുന്നതിനിടെയാണ് മര്‍ദ്ദനം.
രജ്പുത് കര്‍ണി സേനയിലെ അംഗങ്ങളാണ് ബന്‍സാലിയെ മര്‍ദ്ദിച്ചത്. രജപുത് റാണിയായ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. ലൊക്കേഷനിലെത്തിയ പ്രക്ഷോഭകര്‍ ചിത്രീകരണം തടസ്സപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
ചിത്രത്തില്‍ പത്മാവതിയും അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഈ രംഗങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണെന്നുമാണ് കര്‍ണി സേനയുടെ വാദം.
പത്മാവതി അഭിമാനിയായ ഒരു ധീരവനിതയായിരുന്നു. ഖില്‍ജിക്ക് മുന്നില്‍ അവര്‍ ഒരിക്കലും കീഴടങ്ങില്ല. ചിത്തോര്‍ഗഢ് കോട്ട ഖില്‍ജി ആക്രമിച്ചപ്പോള്‍ ജൗഹര്‍ (മധ്യകാലഇന്‍ഡ്യയിലെ രജപുത്ര സ്ത്രീകള്‍ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹര്‍) അനുഷ്ഠിക്കുകയാണ് ചെയ്തത്- കര്‍ണി സേന പറയുന്നു.
ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പത്മാവതിയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. 2017 നവംബര്‍ 17 ന് ചിത്രം പുറത്തിറങ്ങും.