-
ബോളിവുഡിനും ആരാധകർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ വിയോഗം.സുശാന്തിനൊപ്പം അവസാനമായി വേഷമിട്ട സഞ്ജന സാങ്കിയും ആ മരണം നൽകിയ ഞെട്ടലിൽ നിന്ന് മുക്തയായിട്ടില്ല.
സുശാന്തിന്റെ മരണ ശേഷം പിന്നീടിങ്ങോട്ടുളള ദിവസങ്ങളിലെല്ലാം സഞ്ജന സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് സുശാന്തിനെക്കുറിച്ചുള്ള ഓർമകളാണ്. അത്തരത്തിൽ മറ്റൊരു വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സഞ്ജന.
സുശാന്തുമൊത്ത് അഭിനയിച്ച ദിൽ ബെചാരയുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ സുശാന്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോ പങ്കുവച്ചാണ് സഞ്ജനയുടെ കുറിപ്പ്
“കഠിനമായ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ചെറിയ ഇടവേള ലഭിച്ചാൽ,’ വാ, നമുക്ക് കുറച്ച് നേരം ഡാൻസ് കളിക്കാം,’ എന്ന് സുശാന്ത് പറയുമായിരുന്നു എന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ? ഇതാണ് ഞാൻ ഉദ്ദേശിച്ചത്.
കയ്പും മധുരവും നിറഞ്ഞ ഓർമകൾ എന്ന് ആളുകൾ പറയുമ്പോൾ, അതിന്റെ അർഥം എനിക്ക് അറിയില്ലായിരുന്നു, അവനെ നഷ്ടപ്പെടുന്നത് വരെ . ഇപ്പോൾ എനിക്കറിയാം. ഈ ഓർമകളിൽ ഏതെങ്കിലും കാണുകയോ അതേക്കുറിച്ച് ഓർക്കുകയോ ചെയ്യുമ്പോൾ, അത് ശാന്തവും മധുരവും എന്നത് പോലെ കയ്പേറിയതും കഠിനവുമാണ്,” സഞ്ജനയുടെ കുറിപ്പിൽ പറയുന്നു
മുമ്പൊരിക്കൽ സിനിമ വിടുകയാണെന്ന സൂചനകൾ നൽകി സഞ്ജന പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ''മുംബെെയ്ക്ക് വിട, ഞാൻ നിന്നെ കാണുന്നത് നീണ്ട നാല് മാസങ്ങൾക്ക് ശേഷമാണ്. ഞാൻ ദില്ലിയിലേക്ക് മടങ്ങുകയാണ്. നിന്റെ വഴികൾ വ്യത്യസ്തമായി അനുഭവപ്പെട്ടു, അവ ശൂന്യമാണ്. ഒരുപക്ഷേ എന്റെ ഹൃദയത്തിലെ വേദന ഞാൻ കാര്യങ്ങൾ കാണുന്ന രീതിയെ മാറ്റുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾക്കും ചില വേദനയുണ്ട്. വീണ്ടും കാണാം? ഉടൻ. അല്ലെങ്കിൽ ഇല്ലായിരിക്കാം''-സഞ്ജന കുറിച്ചു.
A post shared by Sanjana Sanghi | Kizie Basu (@sanjanasanghi96) on
സുശാന്തിന്റെ മരണത്തിനുശേഷം സഞ്ജന വല്ലാതെ അസ്വസ്ഥയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ബാന്ദ്ര പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയവരിൽ സഞ്ജനയും ഉണ്ടായിരുന്നു. സഞ്ജന നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ദിൽ ബേച്ചാര. ജൂലൈ 24-ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസിനെത്തും.
Content Highlights : Sanjana Sanghi Remembers Sushanth singh rajput Dil Bechara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..