-
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ പേരിൽ വന്ന മീ ടൂ ആരോപണങ്ങളിൽ പ്രതികരണവുമായി അദ്ദേഹത്തിന്റെ സഹതാരം സഞ്ജന സാങ്കി. സുശാന്ത് അവസാനമായി വേഷമിട്ട ദിൽ ബെചാരയുടെ ചിത്രീകരണ വേളയിലാണ് താരത്തിന്റെ പേരിലും മീ ടൂ ആരോപണങ്ങൾ രംഗത്ത് വന്നത്. സഞ്ജനയോട് മോശമായി പെരുമാറിയെന്നാണ് അന്ന് പ്രചരിച്ച വാർത്ത.
ഈ ആരോപണങ്ങളോട് ഇപ്പോൾ പ്രതികരിക്കുകയാണ് സഞ്ജന. ദിൽ ബെചാര പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സഞ്ജന സുശാന്തിനെതിരേയുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
"എല്ലാവരും കരുതുന്നത് സുശാന്ത് മാത്രമാണ് അവിടെ കുഴപ്പത്തിലായതെന്നാണ്. എന്നാൽ ഞാനും ഒരുപോലെ അസ്വസ്ഥയായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ സത്യം അറിയാം. അവൻ എനിക്കാരാണെന്ന് എനിക്കറിയാം. ഞാൻ അവന് ആരാണെന്ന് അവനും അറിയാം. അത് മാത്രമാണ് കാര്യം. ഞങ്ങൾ എന്നും ചിത്രീകരണത്തിന് എത്തിയിരുന്നു.
ഒന്നോ രണ്ടോ ലേഖനങ്ങൾ വരുമ്പോൾ നിങ്ങൾ അത് വലിയ കാര്യമാക്കി എടുക്കില്ല. പക്ഷേ അത് വ്യാപകമാകുമ്പോൾ, അടിസ്ഥാന രഹിതമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾആണ് വിഷയമാകുന്നത്. അത് ചെയ്യുന്നവരോടോ അത് വിശ്വസിക്കുന്നവരോടോ എനിക്ക് യാതൊരുവിധ ബഹുമാനവുമില്ല. ഈ ലേഖനങ്ങൾ അടിസ്ഥാനരഹിതമായിരുന്നതിനാൽ തന്നെ ഞങ്ങൾക്കിടയിലെ സൗഹൃദത്തിന് മാറ്റം വന്നില്ല. പക്ഷേ യാഥാർഥ്യം മറ്റുള്ളവരെ ബോധിപ്പിക്കുക എന്നത് സങ്കടകരമായ അവസ്ഥയായിരുന്നു.
ഞങ്ങൾ തമ്മിലുള്ള ചാറ്റുകൾ പുറത്ത് വിട്ടോട്ടെ എന്ന് അവൻ ചോദിച്ചു. പ്രശ്നങ്ങൾക്ക് അത് പരിഹാരമാവുമെങ്കിൽ ചെയ്തോളാൻ ഞാൻ പറഞ്ഞു. എന്നിട്ടും ആരും ഒന്നും വിശ്വസിച്ചില്ല. ഒടുവിൽ ഞാനും ഈ വിഷയത്തിൽ വ്യക്തത വരുത്തി. അവനെതിരേ ആരോപണമുന്നയിച്ചു എന്ന് പറയപ്പെടുന്ന പെൺകുട്ടിയാണ് പറയുന്നത്. എന്നിട്ടും ആരും വിശ്വസിച്ചില്ല. എന്ത് സമൂഹമാണിത്, ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്നും ഒന്നിച്ച് ഒരു നല്ല ചിത്രം ഒരുക്കുകയാണെന്നും ആരും എന്തേ മനസിലാക്കിയില്ല. ആ സാഹചര്യവുമായി പൊരുത്തപ്പെടാൻ ഞാൻ തീരെ ചെറുപ്പമായിരുന്നു. അന്ന് എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ പാരീസ് ഷെഡ്യൂൾ മുഴുമിപ്പിക്കില്ലായിരുന്നു. ഈ സിനിമ നടക്കില്ലായിരുന്നു. സത്യം മാത്രം വിശ്വസിക്കൂ എന്നേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ". സഞ്ജന പറയുന്നു.
സുശാന്തിന്റെ മരണ ശേഷവും ഇത്തരത്തിലുള്ള വാർത്തകൾ വീണ്ടും പ്രചരിക്കുന്നത് ദുഖകരമാണെന്നും സഞ്ജന പറയുന്നു. "സുശാന്ത് മികച്ച സഹതാരമായിരുന്നു. എനിക്കായി കൂടെ നിന്നതിന് അവനോട് ഒരുപാട് സ്നേഹവും ബഹുമാനവും എനിക്കുണ്ട്". സഞ്ജന വ്യക്തമാക്കുന്നു.
സുശാന്തിന്റെ മരണം ഏറെ ഉലച്ച വ്യക്തികളിൽ ഒരാളാണ് സഞ്ജന. സുശാന്തിന്റെ മരണശേഷം പിന്നീടിങ്ങോട്ടുളള ദിവസങ്ങളിലെല്ലാം സഞ്ജന സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് താരത്തെക്കുറിച്ചുള്ള ഓർമകളാണ്.
2018 ലാണ് സുശാന്തിന്റെ പേരിൽ മീടൂ ആരോപണം വരുന്നത്. അന്ന് സഞ്ജനയുമായുള്ള ചാറ്റുകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ച് താരം ഈ വാർത്തകൾ വ്യാജമാണന്ന് പറഞ്ഞിരുന്നു. ഇത് ആരുടെയെങ്കിലും അജണ്ടയാണോ എന്ന് നിങ്ങൾ തീരുമാനിക്കൂ എന്ന് പറഞ്ഞായിരുന്നു സുശാന്തിന്റെ ട്വീറ്റ്. പിന്നാലെ ഈ വാർത്തകൾ സത്യമല്ലെന്ന് വ്യക്തമാക്കി സഞ്ജനയും ട്വീറ്റുമായി രംഗത്തെത്തിയിരുന്നു.
Content Highlights :Sanjana Sanghi on MeToo allegations against Sushant during Dil Bechara Shooting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..