കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടിയെ അനുകൂലിച്ചും ഇതിന്റെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ വിമർശിച്ചും സംവിധായകൻ സനൽ കുമാർ ശശിധരൻ. മോദി സർക്കാരിൽ നിന്ന്  പ്രതീക്ഷിച്ച നടപടിയല്ല ഇതെന്നും ആരെയും ബുദ്ധിമുട്ടിക്കാതെ വിപ്ലവകരമായ ഒരു മാറ്റവും കൊണ്ടുവരാനാകില്ലെന്നും സനൽകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ചത് കലാപമുണ്ടാക്കുമെന്നും അതുവഴി ഒരു അടിയന്തിരാവസ്ഥ ഉണ്ടാക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നവര്‍ ചെയ്യുന്നത് സത്യത്തില്‍ ഒരു വലിയ സാമൂഹ്യദ്രോഹമാണ്. രണ്ടോ മൂന്നോ ആഴ്ചയുടെ മിതവ്യയം കൊണ്ടും പരസ്പരധാരണകൊണ്ടും മറികടക്കാവുന്ന ബുദ്ധിമുട്ടേ രാജ്യത്തുണ്ടായിട്ടുള്ളൂ. രാഷ്ട്രീയ കണ്ണട മാറ്റിവച്ചാൽ ഇപ്പോഴത്തെ നടപടി നല്ലതാണ്. മോദിയെ എതിര്‍ത്താല്‍ പുണ്യാളനാക്കുകയും എതിര്‍ത്തില്ലെങ്കില്‍ നരാധമനാക്കുകയും ചെയ്യുന്ന ഏർപ്പാടാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സനൽ കുമാർ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

"ഞാൻ  ഒരു മോഡിഭക്തനോ അയാളുടെ തീവ്രവലതുപക്ഷ-ഹിന്ദുത്വനയങ്ങളെ അനുകൂലിക്കുന്ന ആളോ അല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷവും അതിനു മുന്‍പും ഓരോ നയങ്ങളെയും അതതു സാഹചര്യത്തില്‍ എന്റെ അറിവിനും ബുദ്ധിക്കും അനുസരിച്ച് അലോചിക്കുകയും അഭിപ്രായങ്ങള്‍ ഉറക്കെ തന്നെ പറയുകയും ചെയ്തിട്ടുണ്ട്.

(എന്തെങ്കിലും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഏതെങ്കിലും സര്‍ക്കാരിനുവിധേയത്വം പുലര്‍ത്തുന്ന ശീലം ഇല്ലാത്തതുകൊണ്ട് അങ്ങനെ വേണമെന്ന് കരുതിയാലും ചെയ്യാന്‍ കഴിയാറില്ല). എന്നാല്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ച നടപടി ഈ സര്‍ക്കാരിന്റെ വലതുപക്ഷ-മുതലാളിത്ത നയത്തില്‍ നിന്നും ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയ ഒന്നല്ല. സത്യത്തില്‍ ഇത് ഒരു തീവ്ര ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപം കൊണ്ടാല്‍ മാത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന (പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടുതന്നെ മാറ്റത്തിനായി അത് സഹിക്കാം എന്ന ധാര്‍ഷ്ട്യത്തോടെ നടപ്പാക്കപ്പെടുന്ന) ഒരു നടപടിയായാണ് എനിക്ക് തോന്നിയത്. 

പൊടുന്നനെ ഒരു മാറ്റം കൊണ്ടുവരുന്ന ഒരു നയപരിപാടിയും ആരെയും ബുദ്ധിമുട്ടിക്കാതെ കൊണ്ടുവരാന്‍ കഴിയില്ല എന്ന് ആര്‍ക്കാണറിയാത്തത്? ഇത് സൂചിപ്പിക്കാനാണ് ഭൂപരിഷ്‌കരണത്തെക്കുറിച്ച് സൂചനയുള്ള പോസ്റ്റിട്ടത്. അത് മനസിലാക്കാന്‍ കഴിയാത്ത സുഹൃത്തുക്കളല്ല കഴുതക്കരച്ചിലുമായി എന്നെ സംഘിയാക്കി എഴുന്നള്ളിക്കുന്നത്. രാഷ്ട്രീയ തിമിരം കൊണ്ട് അന്ധരായ ഒരുകൂട്ടര്‍ എല്ലായ്‌പ്പോഴും ഇങ്ങനെയാണ്. വിപ്ലവം വരും വിപ്ലവം വരും എന്ന പ്രതീക്ഷ വിറ്റ് ജീവിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരത്രെ ഇവര്‍. വിപ്ലവത്തെക്കുറിച്ച് അവര്‍ക്കുള്ള ഭാവനകള്‍ ഗുല്‍മോഹറിന്റെ ചുവന്നപൂക്കള്‍ പോലുള്ള കവികല്‍പനകളായതിനാല്‍ യഥാര്‍ത്ഥത്തിലുള്ള വിപ്ലവത്തിന് ആരെയും വേദനിപ്പിക്കാതെ വരാന്‍ കഴിയില്ല എന്നവര്‍ക്കറിയില്ല. 

സമൂഹത്തില്‍ സമൂലമാറ്റമുണ്ടാക്കുന്ന എല്ലാ നയപരിപാടികളും നിലനില്‍ക്കുന്ന വ്യവസ്ഥയെ ഒന്നുലയ്ക്കും. ആ ഉലയ്ക്കലിനെ മനുഷ്യന്‍ മറികടക്കുന്നത് കുറച്ചുകൂടി നല്ലൊരു വ്യവസ്ഥ ഉണ്ടായിവരുന്ന സമീപകാലത്തെക്കുറിച്ചുള്ള പ്രതീക്ഷകൊണ്ടാണ്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ പിന്‍വലിച്ചത് കലാപമുണ്ടാക്കുമെന്നും അതുവഴി ഒരു അടിയന്തിരാവസ്ഥ ഉണ്ടാക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നവര്‍ ചെയ്യുന്നത് സത്യത്തില്‍ ഒരു വലിയ സാമൂഹ്യദ്രോഹമാണ്. രണ്ടോ മൂന്നോ ആഴ്ചയുടെ മിതവ്യയം കൊണ്ടും പരസ്പരധാരണകൊണ്ടും മറികടക്കാവുന്ന ബുദ്ധിമുട്ടേ രാജ്യത്തുണ്ടായിട്ടുള്ളൂ. 

ആത്യന്തികമായി സാധാരണ ജനത്തിന് ഗുണകരമായി ബാധിക്കുന്നതാണ് തീരുമാനമെന്ന് രാഷ്ട്രീയക്കണ്ണട മാറ്റിവെച്ച് ചിന്തിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളു. ഇതുപറഞ്ഞതുകൊണ്ട് ഞാന്‍ സംഘിയായിപ്പോയി എന്ന നിലവിളിയുയര്‍ന്നാല്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. മോഡിയെ എതിര്‍ത്താല്‍ ഞാന്‍ പുണ്യാളനാവുകയും എതിര്‍ത്തില്ലെങ്കില്‍ നരാധമനാവുകയും ചെയ്യുന്ന നിങ്ങളുടെ കളി നന്നായി ആസ്വദിക്കുന്നുണ്ട്. എതിരഭിപ്രായം പറയുന്നവരെ തേജോവധം ചെയ്ത് വായടപ്പിക്കാം എന്ന നിങ്ങളുടെ പഴയ രാഷ്ട്രീയപാഠം വിലപ്പോവുന്നത് ഇമേജിനെ വളരെയധികം ആരാധിക്കുന്നവരുടെ അടുത്താണ്. 

സനല്‍ കുമാര്‍ ശശിധരന്‍ എന്ന ഇമേജിനോട് സനല്‍കുമാര്‍ ശശിധരന്‍ എന്ന വ്യക്തിക്ക് യാതൊരു മതിപ്പുമില്ല. അത് നിങ്ങളൊക്കെ കൂടി ഉണ്ടാക്കുകയും നിങ്ങളൊക്കെക്കൂടി ചവിട്ടുകയും ചെയ്യുന്ന ഒന്നാണ്. എന്നെ സംബന്ധിച്ച് ഞാനിപ്പോഴും ഭക്ഷണം കഴിച്ചില്ലെങ്കില്‍ വിശന്ന് കുഴഞ്ഞുവീഴുകയും മലവിസര്‍ജ്ജനം  ചെയ്യാന്‍ മുട്ടിപ്പോയാല്‍ എല്ലാ താത്വികപ്രശ്‌നങ്ങളും അടുപ്പില്‍ വെച്ച് ഏറ്റവും അടുത്തുള്ള കക്കൂസ് നോക്കി ഓടേണ്ടിവരികയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യജീവി മാത്രമാണ്. മരിക്കാതിരിക്കുന്ന കാലത്തോളം എന്റെ ശരികള്‍ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും. എന്റെ വീട്ടിലിരുന്നോ എന്റെ ഫെയ്‌സ്ബുക്ക് വാളിലോ പറയുന്നതേക്കുറിച്ച് അത്രവേവലാതിയാണെങ്കില്‍ ഇങ്ങോട്ട് വരാതിരിക്കാനോ അണ്‍ഫോളോ ചെയ്തുപോകാനോ എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. ആരോടും ഒരു വിരോധവുമില്ല. എല്ലാവര്‍ക്കും നല്ലത് സംഭവിക്കട്ടെ."