സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ സൃഷ്ടിച്ച വിവാദങ്ങളും വിമര്‍ശനങ്ങളും അവസാനിച്ചിട്ടില്ല. ഗോവയില്‍ സമാപിച്ച നാല്‍പത്തിയെട്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ള സംവിധായകന്റെയും അഭ്യുദയകാംഷികളുടെയും ശ്രമം വിഫലമാകുകയാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സനല്‍കുമാര്‍ ഇട്ട ഫെയ്‌സ്ബുക് പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്.

തങ്ങള്‍ക്കിഷ്ടമില്ലാത്തതിനെയും ഇഷ്ടമില്ലാത്തവരെയും നശിപ്പിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവത്തോടെ മനസ്സിലായെന്ന് സനല്‍കുമാര്‍ പറയുന്നു.

സനലിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് : 

"എനിക്കൊട്ടും സങ്കടമില്ല അല്‍പം പോലും. അതേസമയം ഒരു കാര്യത്തില്‍ ഭയങ്കര സന്തോഷമുണ്ട്. എന്താണെന്ന് വച്ചാല്‍ സംഘപരിവാര്‍ അധികാരത്തില്‍ വന്നാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചവര്‍ക്ക് ഇപ്പോള്‍ അതിനുത്തരം കിട്ടിക്കാണും. തങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തിനെയും നശിപ്പിക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവത്തോടെ എനിക്ക് മനസ്സിലായി.

അതിനായി അവര്‍ നിയമം ദുരുപയോഗം ചെയ്യും. നീതിയെ കണ്ടില്ലെന്നു നടിക്കും. കോടതിയെ അനുസരിച്ചില്ലെന്ന് വച്ച് നിങ്ങള്‍ക്കൊരു ചുക്കും സംഭവിക്കില്ലെന്ന് അവര്‍ കാര്യനിര്‍വാഹകര്‍ക്ക് വാഗ്ദാനം നല്‍കും. വളരെ അപകടകരമായ സന്ദേശമാണിത്.

ഈ കഴിഞ്ഞ രണ്ട് മൂന്ന് ദിവസം ഞാന്‍ കുറെ ആളുകളെ കണ്ടു ഈ സര്‍ക്കാരിന്റെ അനുഭാവികളാണ് തങ്ങളെന്ന് തുറന്ന് സമ്മതിച്ചവരെ. പക്ഷെ, അവരെല്ലാം  എന്റെ സിനിമയോട് മന്ത്രിസഭ കാണിച്ച വൃത്തികെട്ട രാഷ്ട്രീയ കളിയില്‍ നിരാശരും വിഷണ്ണരുമാണ്. അവര്‍ പല തവണ മുറുമുറുക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ...അല്ലാതെ ഒരു ചിത്രത്തിന് എന്ത് ചെയ്യാന്‍ സാധിക്കും..ഒന്ന് കാണുക പോലും ചെയ്യാതെ.. ഇത് പോകേണ്ടതാണ്..."സനല്‍ കുറിച്ചു

sanalkumar