'വഴക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, കനി കുസൃതി, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യം റിലീസ് ചെയ്ത പോസ്റ്ററില്‍ ഒരു തെറ്റുണ്ടായിരുന്നുവെന്നും എന്നാല്‍ ആ തെറ്റ് താന്‍ തിരിച്ചറിഞ്ഞത് പോസ്റ്റര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണെന്നും സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. ''മൂന്നാഴ്ചകള്‍ നീണ്ട മാരത്തോണ്‍ തിരുത്തുകള്‍ക്കൊടുവിലും വെണ്ടക്കാ വലുപ്പത്തിലുള്ള വമ്പന്‍ തെറ്റ് ആരുടേയും കണ്ണില്‍ പെട്ടില്ല എങ്കില്‍ ആ നിമിത്തത്തെയും ഞാന്‍ ദൈവത്തിന്റെ ഇടപെടല്‍ എന്ന് വിളിക്കുമെന്ന്'' സനല്‍കുമാര്‍ പറയുന്നു

സനല്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമാ ചിത്രീകരണത്തിനിടയില്‍ ദൈവത്തിന്റെ ഇടപെടല്‍ എന്നു വിളിക്കാവുന്ന നിരവധിസന്ദര്‍ഭങ്ങള്‍ കടന്നു വരാറുണ്ട്. അവയെ വിട്ടുകളയാതെ പിടിച്ചെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. ഇന്നുമുണ്ടായി അങ്ങനെയൊന്ന്. ടൊവിനോ ഓടിക്കുന്ന കാറില്‍ ഒന്നിനു പിന്നാലെ ഒന്നായി രണ്ട് ഫോണ്‍ കോളുകള്‍ വരുന്ന ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. ഞാന്‍ മനസില്‍ കണ്ട ദൈര്‍ഘ്യത്തില്‍ ഒറ്റഷോട്ടില്‍ അത് ക്യാമറയില്‍ പകര്‍ത്തിക്കിട്ടണം. സുദേവ് നായരുടെ കോള്‍ കട്ടായി 30-40 സെക്കന്റുകള്‍ കഴിയുമ്പോള്‍ കനി കുസൃതിയുടെ കാള്‍ വരണം. കാറ്റടിച്ചാല്‍ നെറ്റ്വര്‍ക്ക് പോകുമെന്ന അവസ്ഥയിലുള്ള സ്ഥലം. ഓടുന്ന വാഹനം. കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ കാരണം കാള്‍ കണക്ടാവാന്‍ അതിലേറെ വൈകിയാല്‍ ആ ഷോട്ട് ഉപയോഗിക്കാന്‍ കഴിയില്ല. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. കോള്‍ കണക്ട് ചെയ്യാന്‍ വൈകി. പക്ഷേ അപ്രതീക്ഷിതമായി മറ്റൊന്നുകൂടി സംഭവിച്ചു അധികം കിട്ടിയ പത്തു പതിനഞ്ചു സെക്കന്റുകള്‍ ടൊവിനോ സമര്‍ത്ഥമായി ഉപയോഗിച്ചുകൊണ്ട് എന്നെ വിസ്മയിപ്പിച്ചു. 

സിനിമാ ചിത്രീകരണത്തിനിടയിൽ ദൈവത്തിന്റെ ഇടപെടൽ എന്നു വിളിക്കാവുന്ന നിരവധി സന്ദർഭങ്ങൾ കടന്നു വരാറുണ്ട്. അവയെ വിട്ടുകളയാതെ...

Posted by Sanal Kumar Sasidharan on Thursday, 31 December 2020

നാം നിശ്ചയിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തുന്നത് മനോഹരമായ സംഗതി തന്നെയാണ്. പക്ഷേ നാം വിസ്മയിക്കുന്ന രീതിയില്‍ കാര്യങ്ങളെത്തുന്നത് എല്ലായ്‌പ്പോഴും നമ്മുടെ നിശ്ചയങ്ങള്‍ തെറ്റുമ്പൊഴാണ്. നിത്യജീവിതത്തിലും ഇങ്ങനെ ചിലദൈവക്കൈകള്‍ കടന്നുവരാറുണ്ട്. അങ്ങനെയുള്ള ഒന്നും ഇന്ന് സംഭവിച്ചു. ഞങ്ങള്‍ ഒരുമിച്ചു ചെയ്യുന്ന ആദ്യത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നാണ് പുറത്തുവന്നത്. ടൊവിനോയുടെ പേജിലൂടെയും ഇന്‍സ്റ്റയിലൂടെയുമെല്ലാം വൈകിട്ട് ഏഴിന് പോസ്റ്റര്‍ പുറത്തുവിട്ടു. പെട്ടെന്ന് തന്നെ അത് ഏറെപ്പേര്‍ ഷെയര്‍ ചെയ്തു. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പാരറ്റ് മൌണ്ടിന്റെ ഡയറക്ടര്‍ ഗിരീഷ് മാമന്‍ വിളിച്ചുപറഞ്ഞു. അതിലൊരു വലിയ തെറ്റുണ്ട് അത് ഡിലീറ്റ് ചെയ്തിട്ട് വേറെ ഇടണം. ഇനി ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല  അത് ഇന്റര്‍നെറ്റില്‍ അലിഞ്ഞുകഴിഞ്ഞു എന്ന് നന്നായി അറിയാവുന്ന ഞാന്‍ എന്താണ് എന്ന് ചോദിച്ചു പോലുമില്ല. പ്രൊഡക്ഷന്‍ കമ്പനികളുടെ പേരു രണ്ടും തെറ്റിച്ചാണ് പോസ്റ്ററിലുണ്ടായിരുന്നത്. ശരിക്കുള്ള പേരുകള്‍ ''ടൊവിനോ പ്രൊഡക്ഷന്‍സ് & പാരറ്റ് മൌണ്ട് പിക്‌ചേഴ്‌സ്'' എന്നത് തെറ്റിച്ചുവെച്ചിരിക്കുന്നു. മൂന്നാഴ്ചകള്‍ നീണ്ട മാരത്തോണ്‍ തിരുത്തുകള്‍ക്കൊടുവിലും വെണ്ടക്കാ വലുപ്പത്തിലുള്ള വമ്പന്‍ തെറ്റ് ആരുടേയും കണ്ണില്‍ പെട്ടില്ല എങ്കില്‍ ആ നിമിത്തത്തെയും ഞാന്‍ ദൈവത്തിന്റെ ഇടപെടല്‍ എന്ന് വിളിക്കും. ദൈവം ഇടപെടുന്ന എല്ലാത്തിലും എനിക്ക് വലിയ പ്രതീക്ഷയാണ്. ഈ ചിത്രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തിരുത്തിയ പോസ്റ്റര്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. വഴക്ക് എന്റെ ഏഴാമത്തെ സിനിമയാണ്. ഒരാള്‍പ്പൊക്കം മുതല്‍ ഒപ്പം നിന്നവരെയൊക്കെ ഓര്‍ക്കുന്നു. നന്ദി...

Content Highlights: sanal kumar sasidharan vazhakku movie Tovino Thomas kani kusruti Sudev Nair