sanalkumar sasidharan
താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പ്രമുഖ നടി ആദ്യമായി നടത്തിയ വെളിപ്പെടുത്തലുകൾ കഴിഞ്ഞ ദിവസം ചർച്ചയായി മാറിയിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അതിജീവനകഥ പങ്കുവെച്ചത്. ഇരയെന്നും അതിജീവിതയെന്നുമുള്ള ലേബലുകൾ മായ്ച്ചുകളഞ്ഞ് ഇവർ നടത്തിയ തുറന്ന് പറച്ചിനെ അഭിനന്ദിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.
ക്രമസമാധാന സംവിധാനങ്ങളെപ്പോലും ഇളക്കിമറിക്കാൻ പണത്തിന്റെ പിൻബലവും രാഷ്ട്രീയ സഹായവുമുള്ള ക്രിമിനലുകളിൽ നിന്ന് താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആ കലാകാരി നമ്മുടെ സമൂഹത്തിന് ഒരു മാതൃകയാണെന്നും അക്രമിക്കപ്പെട്ട നടി, ഇര, അതിജീവിത എന്നിങ്ങനെയുള്ള വാക്കുകൾ കൊണ്ട് അവളെ ഇനി അപമാനിക്കരുതെന്നും അവൾ ഒരു പോരാളിയാണെന്നും സനൽകുമാറിന്റെ പോസ്റ്റിൽ പറയുന്നു
സനൽകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
'ഇര', 'അതിജീവിത' തുടങ്ങിയ ദുർബലമായ വാക്കുകൾ ഉപയോഗിച്ച് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളുടെ മുഖവും പേരും മായ്ക്കുന്ന പ്രക്രിയ, അവർ സത്യത്തെക്കുറിച്ച് സമൂഹവുമായി ഇടപഴകുന്നില്ലെന്ന് ഉറപ്പാക്കാൻ പുരുഷ അധികാരം നടപ്പാക്കുന്ന വൃത്തികെട്ട തന്ത്രമാണ്. പുരുഷന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ലൈംഗികാതിക്രമം സമൂഹത്തിൽ സ്ത്രീയുടെ അന്തസ്സ് നശിപ്പിക്കുമെന്ന് സമൂഹം കരുതുന്നത് എന്തുകൊണ്ടാണ്? സമൂഹത്തിൽ മുഖം നഷ്ടപ്പെടേണ്ടത് കുറ്റവാളിയുടേതാണ്, ഇരയുടേതല്ല എന്ന സാമാന്യബോധം ലൈംഗികാതിക്രമത്തിന് ബാധകമാകാത്തത് എന്തുകൊണ്ട്? ലൈംഗികാതിക്രമവും മറ്റെല്ലാ ശാരീരിക അതിക്രമങ്ങളും പോലെയാണെന്ന അടിസ്ഥാന ബോധ്യം സമൂഹത്തിനുണ്ടെങ്കിൽ മാത്രമേ അതിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കൂ. സാമൂഹിക അംഗീകാരത്തിന്റെ അളവുകോലായി ലൈംഗികതയുടെ പവിത്രത നിലനിർത്തുന്നത് പുരുഷാധിപത്യത്തിന്റെ മറ്റൊരു തന്ത്രമാണ്.
ലൈംഗികാവയവവും മറ്റേതൊരു ശാരീരികാവയവത്തെയും പോലെയാണെന്ന് സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ലൈംഗികാതിക്രമത്തിനിരയായവർ നേരിടുന്ന കഠിനപരീക്ഷകളിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കാൻ കഴിയൂ. യോനിയിൽ പച്ചകുത്തുമ്പോൾ ടാറ്റൂ ആർട്ടിസ്റ്റ് പീഡിപ്പിച്ചു എന്ന തലക്കെട്ടിൽ അടുത്തിടെ വന്ന #metoo ആരോപണത്തെ സമീപിച്ച മഞ്ഞപത്രം, ഒരു പുരുഷന്റെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങളെ സ്ത്രീവിരുദ്ധ പ്രചാരണമാക്കി മാറ്റുന്നത് എങ്ങനെയെന്നതും ശ്രദ്ധിക്കുക.
ക്രമസമാധാന സംവിധാനങ്ങളെപ്പോലും ഇളക്കിമറിക്കാൻ പണത്തിന്റെ പിൻബലവും രാഷ്ട്രീയ സഹായവുമുള്ള ക്രിമിനലുകളിൽ നിന്ന് താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആ കലാകാരി നമ്മുടെ സമൂഹത്തിന് ഒരു മാതൃകയാണ്. അക്രമിക്കപ്പെട്ട നടി, ഇര, അതിജീവിത" എന്നിങ്ങനെയുള്ള വാക്കുകൾ കൊണ്ട് അവളെ ഇനി അപമാനിക്കരുത്. അവൾ ഒരു പോരാളിയാണ്. വാസ്തവത്തിൽ, ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന് വിളിക്കപ്പെടാൻ അവൾ അർഹയാണ്!
Content Highlights: sanal kumar sasidharan on actress assault case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..