മലയാള സിനിമയ്ക്ക് അഭിമാനമായി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ചോല'. വെനീസ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. സനല്‍ കുമാര്‍ ശശിധരന് പുറമേ താരങ്ങളായ ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിജോ വടക്കന്‍ , അഖില്‍ വിശ്വനാഥ് എന്നിവര്‍ ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു.
ഇവരില്‍ വെള്ളമുണ്ടുടുത്ത് പ്രീമിയറിനെത്തിയ ജോജുവാണ് ശ്രദ്ധാകേന്ദ്രമായത്. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഇവരെ വരവേറ്റത്.
ഇപ്പോള്‍ ജോജുവിനെ പ്രശംസിച്ചുകൊണ്ടുള്ള സംവിധായകന്‍ വി.സി.അഭിലാഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാവുന്നത്. 'മുക്കിലെ മുറുക്കാന്‍ കടയില്‍ കപ്പലണ്ടി വാങ്ങാന്‍ പോണ ലാഘവത്തോടെ വെനീസ് മേളയുടെ റെഡ് കാര്‍പ്പറ്റില്‍ കയറിയ ആദ്യത്തെയാള്‍! ഇത് കലക്കി ബ്രോ...' എന്നാണ് സംവിധായകന്‍ വി.സി അഭിലാഷ് ജോജുവിനും ചോല ടീമിനും ആശംസകര്‍ നേര്‍ന്നു കൊണ്ട് കുറിച്ചത്.
വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വെനീസ് മേളയിലേക്ക് തിരഞ്ഞെടുത്ത മലയാള സിനിമയാണ് ചോല. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകള്‍, നിഴല്‍കൂത്ത് എന്നിവയാണ് ഇതിനു മുമ്പ് വെനീസ് ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങള്‍. ലോകസിനിമയിലെ പുതിയ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന ഒറിസോണ്ടി മത്സര വിഭാഗത്തിലാണ് ചോല തിരഞ്ഞെടുക്കപ്പെട്ടത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവരാണ് ചോലയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്.
Content Highlights : Sanal Kumar Sasidharan Movie chola Premiered In Venice Film Festival Joju Nimisha