തിരുവനന്തപുരം: സ്വന്തം ജീവിതം അപകടത്തിലാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലാണ് സനല്‍ കുമാര്‍ ശശിധരന്‍ ഇക്കാര്യം പങ്കുവെച്ചത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ച ഫിലിം ഫോറത്തില്‍ അന്വേഷണം നടത്തണമെന്നും സനല്‍ പറയുന്നു. സനല്‍ കുമാര്‍ ശശിധരന്‍ കാഴ്ച്ച ഫോറത്തിലെ മുന്‍ അംഗമായിരുന്നു. .

സംഭവത്തെ കുറിച്ച് വിശദീകരിക്കുന്ന ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ പകര്‍പ്പും പങ്കുവെച്ചിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. കാഴ്ച്ചയുടെ ഓഫിസില്‍ അനാശ്യാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും സനല്‍ ആരോപിച്ചു. 

തന്നോട് സ്ത്രീകളായ സഹപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കോഴിക്കോട് കൊല്ലപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ ശാലുവിന്റെ മരണവുമായി ബന്ധപ്പെട്ടും സനല്‍ കുമാര്‍ ശശിധരന്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഷാലുവിന്റെ മൃതദേഹം പൊതിഞ്ഞ നിലയില്‍ കാണപ്പെട്ട ബെഡ്ഷീറ്റ് കാഴ്ചയുടെ ഓഫീസില്‍ ഉണ്ടായിരുന്ന ബെഡ് ഷീറ്റുമായി സാമ്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടും അന്വേഷണം വേണമെന്നും സനല്‍കുമാര്‍ പറയുന്നു. 

ഇത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എന്ത് തന്നെ സംഭവിച്ചാലും പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നില്ല. എന്നാല്‍ തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാഴ്ച്ചയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെതിരെ അന്വേഷണം ഉണ്ടാവണം- സനല്‍ വ്യക്തമാക്കി.

Content Highlights: Sanal Kumar Sasidharan Director allegation against Kazhcha, Transgender shalu's death investigation