ബി​ഗ് ബോസ് മത്സരാർത്ഥിയും ന‌ടിയും മോഡലുമായിരുന്ന സന ഖാൻ ഈയടുത്താണ് വിവാഹിതയായത്. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ വരൻ.

വിവാഹ ചിത്രങ്ങളും മറ്റും താരം ഇൻസ്റ്റാ​ഗ്രാമിലൂ‌‌ടെ ആരാധകരുമായി പങ്കുവച്ചി‌ട്ടുണ്ട്.

ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് താരം.  “നിന്നെ വിവാഹം ചെയ്യുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല” എന്നാണ് താരം വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന ഫോട്ടോക്ക് താഴെ കുറിച്ചിരിക്കുന്നത്.

ഭർത്താവിനൊപ്പം പ്രാർഥന ചൊല്ലുന്ന മറ്റൊരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഭർത്താക്കന്മാർ ജോലിക്കായി വീട്ടിൽ നിന്നിറങ്ങുന്ന നേരത്ത് ​ദമ്പതികൾ ഒന്നിച്ച് ഈ പ്രാർഥന ചൊല്ലണമെന്ന് താരം കുറിക്കുന്നു.


ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, വിവാഹം ചെയ്യുന്നു, ഈ ലോകത്തിൽ നമ്മളെ എല്ലാവരേയും ദൈവം ചേ‍ർത്തു നിർത്തട്ടെ, സ്വർലോകത്തിൽ നമ്മളെ വീണ്ടും ചേർക്കട്ടെ'- എന്നാണ് സന വിവാഹ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. 

കഴിഞ്ഞ മാസമാണ് സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാർഗ്ഗം സ്വീകരിക്കുന്നതായും നടി വെളിപ്പെടുത്തിയത്. ‌

കണ്ണൂർ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബെെ സ്വദേശിയും. മുംബെെയിൽ ജനിച്ചു വളർന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാർഹിക പീഡനം ആരോപിച്ച് ഈ വർഷം ഫെബ്രുവരിയിൽ സന മെൽവിൻ ലൂയിസുമായുള്ള  ബന്ധം അവസാനിപ്പിച്ചു. 

Content Highlights: sana khan ties knot with  Mufti Anas Sayed shares pictures videos