വിനോദ മേഖല ഉപേക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി നടി സന ഖാൻ. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് താരം സിനിമ ഉപേക്ഷിക്കുന്നത്.  ബി​ഗ് ബോസ് സീസൺ ആറിലെ മത്സരാർഥിയായിരുന്ന സന നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിരുന്നു. 

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ആരാധകരുമായി പങ്കുവച്ചത്. വിനോദ വ്യവസായം തനിക്ക് എല്ലാ പ്രശസ്തിയും സമ്പാദ്യവും തന്നുവെന്നും എന്നാൽ അത് മാത്രമാവരുത് തന്റെ ലക്ഷ്യമെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും സന വ്യക്തമാക്കുന്നു. ഇന്ന് മുതൽ  മനുഷ്യത്വത്തെ സേവിക്കാനും സ്രഷ്ടാവായ ദൈവത്തെ പിന്തുടരാനുമാണ് തന്റെ ലക്ഷ്യമെന്നും സന കുറിക്കുന്നു

"ജീവിതത്തിലെ നിർണായകമായ ഒരു ഘട്ടത്തിൽ നിന്നാണ് നിങ്ങളോട് ഞാൻ സംസാരിക്കുന്നത്. ഏറെ നാളായി ഞാൻ സിനിമ മേഖലയിലുണ്ട്. ഇവിടെ എല്ലാവിധ പ്രശസ്തിയും സമ്പാദ്യവും ആദരവും എനിക്ക് ലഭിച്ചതിൽ ഞാൻ അനു​ഗ്രഹീതയാണ്.  എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എനിക്കൊരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു: മനുഷ്യൻ ഈ ലോകത്തേക്ക് വരുന്നതിന്റെ യഥാർത്ഥ ലക്ഷ്യം സമ്പത്തും പ്രശസ്തിയും നേടുക എന്നതാണോ? ദരിദ്രരും നിസ്സഹായരുമായവരുടെ സേവനത്തിനായി അവന്റെ / അവളുടെ ജീവിതം ചെലവഴിക്കേണ്ടത് അവരുടെ കടമയുടെ ഭാഗമല്ലേ? ഏത് നിമിഷവും നമ്മൾ മരണപ്പെട്ടേക്കാം എന്ന് അവനോ/അവളോ ചിന്തിക്കേണ്ടതല്ലേ? അവൻ / അവൾ ഇല്ലാതായാൽ എന്ത് സംഭവിക്കും?
 
വളരെക്കാലമായി ഞാൻ ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുകയാണ്, പ്രത്യേകിച്ച് എന്റെ മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം.
 ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ മതത്തിൽ ഞാൻ തിരഞ്ഞപ്പോൾ, ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായിരിക്കണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറ്റാതിരിക്കുകയും ചെയ്താൽ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.

അതിനാൽ, ഇന്ന് മുതൽ, വെള്ളിവെളിച്ചത്തിലെ ജീവിതശൈലിയോട് എന്നെന്നേക്കുമായി വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. 

എന്റെ ഈ മാനസാന്തരത്തെ അംഗീകരിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ അനുസരിച്ചും മാനവികസേവനത്തിനായും എന്റെ ജീവിതം ചെലവഴിക്കാനുള്ള എന്റെ ദൃഢനിശ്ചയത്തിന് അനുസൃതമായി ജീവിക്കാനുള്ള  കഴിവ് എനിക്ക് നൽകാൻ അള്ളാഹുവിനോട് പ്രാർഥിക്കാൻ എന്റെ എല്ലാ സഹോദരങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. അവസാനമായി, ഇനി മുതൽ സിനിമാ സംബന്ധമായ ജോലിയെക്കുറിച്ച് എന്നോട് കൂടിയാലോചിക്കരുത് എന്ന്  എല്ലാ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു"..സന കുറിച്ചു 

"എന്റെ ഏറ്റവും സന്തോഷകരമായ നിമിഷം. ഈ യാത്രയിൽ അല്ലാഹു എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്യട്ടെ"... എന്ന ക്യാപ്ഷനോടെയാണ് സന ഈ നീണ്ട കുറിപ്പ് പങ്കുവച്ചത്. 

നേരത്തെ ബോളിവുഡ് നടി സൈറ വാസിമും ഇത്തരത്തിൽ സിനിമാഭിനയം നിർത്തുകയാണെന്ന് വ്യക്തമാക്കിയിരുന്നു. വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നുവെന്ന് കാണിച്ചാണ് താരം സിനിമയിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്. 

Content Highlights : Sana Khan Quits Showbiz pointing religious reasons