ബി​ഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന്റെ വിവാഹം വാർത്തയായിരുന്നു. സിനിമയുടെ ​ഗ്ലാമർലോകത്ത് നിന്നും വിടപറഞ്ഞ് ആത്മീയ വഴി സ്വീകരിക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു വിവാഹം. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭർത്താവ്.

വിവാഹശേഷം ഭർത്താവുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് ചർച്ചയാകുന്നത്. തന്റെ പൂർവകാല ജീവിതത്തെക്കുറിച്ച് വീഡിയോകൾ തയ്യാറാക്കി മാനസികമായി തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേയാണ് താരത്തിന്റെ പോസ്റ്റ്

"എന്നെക്കുറിച്ച് പലരും മോശം വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിക്കാൻ തുടങ്ങി നാളുകളായി. പക്ഷേ ഇത്രനാളും ഞാൻ ക്ഷമിച്ചു. പക്ഷേ ഇപ്പോൾ ഒരാൾ എന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കി കുപ്രചരണങ്ങൾ നടത്തുന്നു. ഒരു വ്യക്തി മാനസാന്തരപ്പെട്ടു കഴിഞ്ഞാൽ അയാളുടെ പൂർവകാലം ചികയുന്നത് പാപമാണെന്ന് അറിയില്ലേ. എന്റെ ഹൃദയം തകർക്കപ്പെട്ടു.

അയാളുടെ പേര് പറഞ്ഞ് അയാളെന്നോട് ചെയ്തത് തിരിച്ചു ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ ഇത് പൈശാചികമാണ്, പിന്തുണയ്ക്കാനാകില്ലെങ്കിൽ നന്നായി പെരുമാറാൻ, അല്ലെങ്കിൽ നിശബ്ദനായിരിക്കാൻ ശ്രമിക്കൂ. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്ത് ആ വ്യക്തിയെ പഴയ കാര്യങ്ങളെ കുറിച്ച് ആലോചിപ്പിച്ച് കുറ്റബോധം കൊണ്ട് വിഷാദത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കരുത്. പലപ്പോഴും നമ്മൾ മാനസാന്തരപ്പെട്ട് മുന്നോട്ട് പോകും. പക്ഷേ എന്നെപ്പോലെ ചിലർ പഴയ കാലത്തേക്ക് തിരിച്ച് പോയി പല കാര്യങ്ങളും മാറ്റാനായെങ്കിൽ എന്ന് ചിന്തിക്കും". സന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

സിനിമാജീവിതം ഉപേക്ഷിക്കുന്നതിന് മുമ്പ് നൃത്തസംവിധായകനായ മെൽവിൻ ലൂയിസുമായി പ്രണയത്തിലായിരുന്നു സന. എന്നാൽ ഈ ബന്ധം പിന്നീട് വേർപിരിഞ്ഞു. മെൽവിനെതിരേ പരാതികളുമായി രം​ഗത്തെത്തിയ സന പിന്നീട് വിഷാദത്തിന് അടിപ്പെടുകയും ചെയ്തിരുന്നു.

Content Highlights :Sana Khan On Negative Comments and videos on her past life