ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ തീവണ്ടി മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ കുതിച്ചു കൊണ്ടിരിക്കുകയാണ്. ഫെല്ലിനി ടി.പി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ നായികാ വേഷത്തിലെത്തി പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ് സംയുക്ത മേനോന്‍. ടൊവിനോ അവതരിപ്പിച്ച ബീനീഷ് ദാമോദരന്‍ എന്ന കഥാപാത്രത്തിന്റെ കാമുകിയുടെ വേഷത്തിലാണ് സംയുക്ത എത്തിയത്. ദേവി എന്നാണ് കഥാത്രത്തിന്റെ പേര്. 

ചിത്രത്തിനായി ടൊവിനോയെ പതിനാലോളം വട്ടം തല്ലിയെന്ന് പറയുകയാണ് സംയുക്ത മേനോന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവി മനസ്സു തുറന്നത്. 

'ചിത്രത്തിന് വേണ്ടി ഒരു പതിനാല് വട്ടമെങ്കിലും ഞാന്‍ ടൊവിനോയെ തല്ലി. ഏഴ് ഷോട്ടുകള്‍ ഉണ്ട്. അതിന്റെ റീടേക്കുകള്‍ കൂടി കൂട്ടിയാല്‍ പതിനാല് തവണയെങ്കിലും ഞാന്‍ ടൊവിനോയെ തല്ലിയിട്ടുണ്ട്.' 

പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ് തീവണ്ടിയെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും സംയുക്ത പറഞ്ഞു.

'പുകവലി ഒരാളുടെ ജീവിതത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുമെന്ന സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്. അല്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. ചിത്രം കണ്ടു കഴിഞ്ഞാല്‍ അത് എല്ലാവര്‍ക്കും വ്യക്തമായി മനസ്സിലാകുമെന്നാണ് എന്റെ പ്രതീക്ഷ'- സംയുക്ത പറഞ്ഞു.