ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍  പ്രഖ്യാപിച്ചു. ബിജു മേനോന്‍  നായനാകുന്ന ചിത്രത്തിന് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?'എന്നാണ് പേരിട്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍  മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.

തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. അലന്‍സിയര്‍ , സൈജു കുറുപ്പ് . സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 

ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷെഹനാദ് ജലാല്‍  ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍  എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. ഒരു വടക്കന്‍ സെല്‍ഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാന്‍  റഹ്മാന്‍  തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിന് വേണ്ടി പാട്ടുകള്‍  ഒരുക്കുന്നത്. ഫെബ്രുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളിലെത്തും.

bijumenon

Content Highlights : Samvritha Biju Menon new movie Sathyam Paranjal Viswasikkuvo G prajith Sandeep Senan