സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന നടനാണ് നൈജീരിയന്‍ സ്വദേശി സാമുവല്‍ റോബിന്‍സണ്‍. സുഡാനി ഫ്രം നൈജീരിയ മികച്ച വിജയം നേടിയെങ്കിലും പ്രതിഫല തര്‍ക്കവുമായി ബന്ധപ്പെട്ട് സാമുവല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. പിന്നീട് എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വരികയും ചെയ്തു. അതിന് ശേഷം മലയാളത്തില്‍ തന്നെ ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. തുടര്‍ന്ന് മലയാള സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും തുടര്‍ന്ന് അത്തരത്തിലൊരു അവസരം ലഭിച്ചിരുന്നില്ല.
ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും തന്നെ സഹായിക്കണവുമെന്ന് അഭ്യര്‍ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് സാമുവല്‍ റോബിന്‍സണിപ്പോള്‍. തന്റെ ഫെയ്സ്ബുക്ക് പേജില്‍ സാമുവല്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ ഇത്രയും കാലം വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സാമുവലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ടവരെ, എനിക്കിങ്ങനെ താല്‍പ്പര്യമില്ല, പക്ഷേ ഇതല്ലാതെ മറ്റൊരു മാര്‍ഗവും എന്റെ മുന്നിലില്ല. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വര്‍ഷമാണ് കടന്നു പോയത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ വളരെ വിഷാദത്തിലായിരുന്നു, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. എനിക്ക് സിനിമയില്‍ ഒട്ടനവധി അവരങ്ങള്‍ വന്നിരുന്നു, പക്ഷേ പല കാരണങ്ങളാല്‍ അവ നടന്നില്ല. ഇന്ത്യയിലേക്ക് മടങ്ങാന്‍ ഞാന്‍ പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയാണ്.
ഇവിടെ നൈജീരിയയിലെ എന്റെ ജീവിതം കഷ്ടപ്പാടുകളും പ്രയാസങ്ങളും നിറഞ്ഞതാണ്. എനിക്ക് അറിയാവുന്നവരോടെല്ലാം ഞാന്‍ പണം ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അതിനാല്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, ഇത് എന്റെ ഒരേയൊരു മാര്‍ഗമാണ്. അതിനായി ഒരു ലക്ഷം ഇന്ത്യന്‍ രൂപ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ലാഗോസില്‍ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റിന്റെ വിലയും വിസ ഫീസുമാണിത്.
ഇന്ത്യയില്‍ എത്തിയതിനുശേഷം എനിക്ക് പലകാര്യങ്ങളും ചെയ്യാനുണ്ട്. ഇന്ത്യയില്‍ ഞാന്‍ എല്ലായ്‌പ്പോഴും വളരെ സന്തുഷ്ടനും സുരക്ഷിതനുമാണ്. ആരെങ്കിലും എന്നെ സഹായിക്കാന്‍ തയ്യാറാണെങ്കില്‍, എനിക്ക് ഒരു സന്ദേശം അയയ്ക്കുക അല്ലെങ്കില്‍ എനിക്ക് (sraactor@gmail.com) ഇ-മെയില്‍ ചെയ്യുക. എനിക്ക് നിങ്ങളുടെ സഹായം അത്യാവശ്യമാണ്.
Content Highlights:Samuel Abiola Robinson actor Sudani From Nigeria seeks help, talks about depression
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..