പൃഥ്വിരാജിൽ അക്ഷയ്കുമാറും മാനുഷി ചില്ലാറും, ബച്ചൻ പാണ്ഡെയിൽ കൃതി സനോണിനൊപ്പം അക്ഷയ് കുമാർ
അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി വിതരണക്കാരും. ജൂണ്‍ 3 ന് പുറത്തിറങ്ങിയ ചിത്രത്തിന് വളരെ തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250 കോടിയോളം മുടക്കിയൊരുക്കിയ ചിത്രത്തിന് 48 കോടിയേ ബോക്സ് ഓഫീസില്‍ തിരിച്ചുപിടിക്കാനായുള്ളൂ. ചന്ദ്രപ്രകാശ് ദ്വവേദി ഒരുക്കിയ പൃഥ്വിരാജില്‍ സോനു സൂദ്, സഞ്ജയ് ദത്ത്, മാനുഷി ചില്ലാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആദിത്യ ചോപ്രയാണ് നിര്‍മിച്ചത്.
ബച്ചന്‍ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുന്‍പ് റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം. 180 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 68 കോടി മാത്രമേ നേടാനായുള്ളൂ. ബച്ചന്‍ പാണ്ഡെ വരുത്തിയ നഷ്ടം പൃഥ്വിരാജിലൂടെ നികത്താമെന്നായിരുന്നു വിതരണക്കാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചിത്രം പരാജമായതോടെ കടുത്ത പ്രതിസന്ധിയാണ് ഇവര്‍ നേരിടുന്നത്.
ഒരു ചിത്രം പരാജയമായാല്‍ തെലുങ്കിലും തമിഴിലുമെല്ലാം വിതരണക്കാരുടെയും നഷ്ടം നികത്താന്‍ താരങ്ങള്‍ മുന്‍കൈ എടുക്കാറുണ്ട്. അക്ഷയ് കുമാര്‍ അതിന് തയ്യാറാവണമെന്ന് ബിഹാറിലെ വിതരണക്കാര്‍ ആവശ്യപ്പെടുന്നതായി ഐഡബ്ല്യൂഎം ബസ്‌ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്ഷയ് എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. തെലുങ്കില്‍ ചിരഞ്ജീവി ആചാര്യ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ വിതരണക്കാരുടെ നഷ്ടം നികത്തി. ഹിന്ദി സിനിമകളുടെ തുടര്‍ച്ചയായ പരാജയം ഞങ്ങളില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. എന്തിന് ഞങ്ങള്‍ മാത്രം സഹിക്കണം. ഞങ്ങളുടെ നഷ്ടം ആര് നികത്തും. 100 കോടിയോളമാണ് അക്ഷയ് പ്രതിഫലം വാങ്ങിക്കുന്നത്. ഞങ്ങളെ സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയില്ലേ? ഞങ്ങളില്‍ പലരും കടം കേറി തകര്‍ന്നു. ബച്ചന്‍ പാണ്ഡെയും പൃഥ്വിരാജും വലിയ നഷ്ടമാണ് വരുത്തിയത്. സൂപ്പര്‍താരങ്ങള്‍ക്ക് അവരുടെ ബാങ്ക് ബാലന്‍സിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ- വിതരണക്കാര്‍ പറയുന്നു.
പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം 250 കോടിയോളം നേടി പ്രദര്‍ശനം തുടരുകയാണ്. അതോടൊപ്പം തന്നെ 42 കോടിയോളം മുതല്‍ മുടക്കിലൊരുക്കിയ തെലുങ്ക് ചിത്രം മേജര്‍ ബോക്സ് ഓഫീസില്‍ 50 കോടിയിലേറെ വരുമാനം നേടി പ്രദര്‍ശനം തുടരുകയാണ്.
സമീപകാലത്ത് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ ഭൂല്‍ ഭുലയ്യ രണ്ടാംഭാഗം മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. കങ്കണയുടെ ധാക്കഡ്, ഷാഹിദ് കപൂറിന്റെ ജഴ്‌സി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അതേ സമയം തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍, കന്നട ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 തുടങ്ങിയവ 1000 കോടിയിലധികമാണ് വരുമാനം നേടിയത്.
Content Highlights: Samrat Prithviraj, Akshay Kumar, Bachchan Pandey, Box Office Failure, Distributors demand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..