പ്രസവശേഷം ശരീരഭാരം വർധിച്ചതിനെത്തുടർന്ന് ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് സമീറ റെഡ്ഡി. പ്രസവത്തിനു ശേഷം വിഷാദരോഗത്തിനുകൂടി അടിമപ്പെട്ട സമീറയ്ക്ക് സ്ത്രീകളിൽ നിന്നുപോലും കേൾക്കേണ്ടി വന്ന പരിഹാസവാക്കുകൾ വേദനാജനകമായിരുന്നുവെന്ന് സമീറ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിനു ശേഷം ശരീരഭാരം കുറയ്ക്കാനും മെലിയാനും നടി എടുത്ത തീവ്രപരിശ്രമങ്ങളെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരമായി ആരാധകരോടു പങ്കുവെക്കാറുമുണ്ട്. ബാഹ്യ  സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണകളെ പൊ‌ളിച്ചടുക്കുന്ന സമീറയുടെ വീഡിയോയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. 

ഇപ്പോൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ച സമീറയുടെ മറ്റൊരു പോസ്റ്റാണ് വെെറലാകുന്നത്. 2010 ൽ സിനിമയിലും മോഡലിങ്ങിലും സജീവമായിരുന്ന കാലത്ത് പകർത്തിയ ഒരു ചിത്രമാണിതെന്ന് സമീറ പറയുന്നു. ഇമേജ് എഡിറ്റിങ് സോഫ്ട് വെയറുകളുടെ സഹായത്തോടെയാണ് ഇത്തരം ചിത്രങ്ങൾ  തയ്യാറാക്കുന്നതെന്ന് പറയുകയാണ് നടി.

''ഈ ചിത്രത്തിൽ നീർച്ചുഴികളും മുഖക്കുരുവും നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ, വയറിൽ തൂങ്ങിക്കിടക്കുന്ന ചർമം കാണുന്നുണ്ടോ, യഥാർഥത്തിലുള്ള താടിയെല്ലും അരക്കെട്ടും കാണാൻ സാധിക്കുന്നുണ്ടോ?, ഈ ചിത്രത്തിൽ എന്റെ ഏത് ശരീരഭാ​ഗമാണ് ടച്ച് അപ്പ് ചെയ്യാത്തത്?
ഉത്തരം പറയാം, എന്റെ ശരീരത്തിലെ എല്ലാ ഭാ​ഗങ്ങൾ വൃത്തിയാക്കുകയും വലിക്കുകയും മെലിയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ കയ്യിൽ എഡിറ്റ് ചെയ്യാത്ത യഥാർഥ ചിത്രം ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ എന്നാ​ഗ്രഹിക്കുകയാണ്. എന്റെ ശരീരം എങ്ങിനെയാണോ അങ്ങനെ അതിന് സ്നേഹിക്കാൻ എനിക്കൽപ്പം സമയം  എടുക്കേണ്ടി വന്നു. നിങ്ങളെ ആനന്ദിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ''- സമീറ കുറിച്ചു.

Content Highlights: Sameera Reddy shares throwback photo and says it was edited