ബോളിവുഡില്‍ ഒരുപിടി വേഷങ്ങള്‍ ചെയ്തതിന് ശേഷം വാരണം ആയിരം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സമീറ റെഡ്ഡി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്‌ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന മലയാള ചിത്രത്തിലും സമീറ വേഷമിട്ടിട്ടു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് സമീറയിപ്പോള്‍. 2014 ലാണ് സമീറ അക്ഷയ് വര്‍ധയെ വിവാഹം കഴിക്കുന്നത്. സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവക്കാറുണ്ട് താരം. ഈയിടെയാണ് സമീറയ്ക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നത്. 

 ഒരു കാലത്ത് തനിക്ക് വിക്ക് ഉണ്ടായിരുന്നുവെന്നും ആത്മവിശ്വാസം ഇല്ലാതിരുന്ന തന്നെ അന്ന് സഹായിച്ചത് നടന്‍ ഹൃത്വിക് റോഷനാണെന്നും സമീറ പറയുന്നു. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

വിക്കുണ്ടായിരുന്നത് കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ എനിക്ക് ഭയമായിരുന്നു. സിനിമയുടെ ഓഡീഷന് വേണ്ടി പോയിരുന്ന കാലത്ത് അതെന്നെ വല്ലാതെ അലട്ടി. പ്രശ്‌നം മനസ്സിലാക്കിയ ഹൃത്വിക് എനിക്ക് ഒരു പുസ്തകം വായിക്കാന്‍ തന്നു. ആ പുസ്തകം എന്റെ ജീവിതം മാറ്റി മറിച്ചു.

വിക്കുണ്ടായിരുന്ന വ്യക്തിയാണ് ഹൃത്വിക്. അതൊരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിത്തിലൂടെ കാണിച്ചു തന്നു. വ്യത്യസ്ത ശൈലിയില്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ന് ഹൃത്വികിന് സാധിക്കും. സൂപ്പര്‍ 30യില്‍ അദ്ദേഹം സംസാരിക്കുന്നത് ബീഹാറി ഛായയുള്ള ഹിന്ദിയാണ്.  ഹൃത്വികിന്റെ വിജയം എല്ലാവര്‍ക്കും മാതൃകയാണ്- സമീറ പറഞ്ഞു.

Content Highlights: Sameera Reddy says how Hrithik Roshan helped overcome her struggles with stammering