ബെംഗളൂരു : അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച കന്നഡ റിയാലിറ്റി ഷോ ബാലതാരം സമൻവി രൂപേഷ് (6) അപകടത്തിൽ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ 223-ാം നമ്പർ മെട്രോ തൂണിനുസമീപം ടിപ്പർ സ്കൂട്ടറിലിടിച്ചാണ് അപകടം. ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൻവിയുടെ അച്ഛൻ രൂപേഷ് ഹുളിമാവിൽ ട്രാഫിക് വാർഡനാണ്.

ഷോപ്പിങ്ങിനുശേഷം അമൃതയും സമൻവിയും സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്നു. ഈ സമയം കൊനനകുണ്ഡെ ക്രോസിൽനിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തിൽ പോയ ട്രക്ക് സ്കൂട്ടറിന്റെ പിറകിൽ ഇടിച്ചു. ഇതേത്തുടർന്ന് ഇരുവരും റോഡിൽ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമൻവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ടിപ്പർ ഡ്രൈവർ മഞ്ജെ ഗൗഡയെ കുമാരസ്വാമിലേ ഔട്ട് ട്രാഫിക് പോലീസ് അറസ്റ്റുചെയ്തു. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമൻവി. ‘നന്നമ്മ സൂപ്പർ സ്റ്റാർ’ റിയാലിറ്റിഷോയിലെ മികച്ച മത്സരാർഥിയായിരുന്നു സമൻവി.

Content Highlights: Samanvi Roopesh  Six-year-old contestant of Kannada reality show dies in road accident