ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നിന്ന് നയൻതാര പിന്മാറിയതായി റിപ്പോർട്ടുകൾ. നയൻസിന് പകരം സാമന്ത ചിത്രത്തിന്റെ ഭാ​ഗമാവുമെന്നാണ് തമിഴ്‌ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് പുണെയില്‍ തുടക്കമായിരുന്നു. എന്നാൽ,  മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിനെതുടർന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ നീണ്ടു പോവുകയാണ്. ഷാരൂഖ് എന്ന് സിനിമാ തിരക്കുകളിലേക്ക് കടക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ചിത്രീകരണം നീണ്ടു പോകുന്നതിനാൽ ഡേറ്റിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ‌ ഉള്ളതുകൊണ്ടാണ് നയൻതാര ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെയാണ് സാമന്തയ്ക്ക് ചിത്രത്തിലേക്ക് വഴി തുറന്ന് കിട്ടിയത്.

എന്നാൽ ഈ വാർത്തയിൽ അണിയറപ്രവർത്തകരുടെ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രിയാമണി, സാന്യ മൽഹോത്ര, സുനിൽ ​ഗ്രോവർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. 

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുക എന്നും ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് ഷാരൂഖ് എത്തുക എന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

യഷ് രാജ് ഫിലിംസ് ഒരുക്കുന്ന പഥാനാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ഷാരൂഖ് ചിത്രം. സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണും ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നു.

നേട്രിക്കൺ, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതൽ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

content highlights : Samantha to replace Nayanthara in Shah Rukh Khan Atlee bollywood movie