സാമന്ത ശാകുന്തളം ട്രെയ്ലർ ലോഞ്ചിനിടെ
തെലുങ്കു ചിത്രം ശാകുന്തളത്തിന്റെ ട്രെയ്ലര് ലോഞ്ചിനിടെ വികാരാധീനയായി നടി സാമന്ത. ചിത്രത്തിന്റെ സംവിധായകന് ഗുണശേഷര്‍ ഷൂട്ടിങ് ഓര്‍മകൾ പങ്കുവയ്ക്കുന്നതിനിടെയാണ് സാമന്ത വിതുമ്പി കരഞ്ഞത്. സമീപകാലത്ത് ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും സിനിമയോടുള്ള ഇഷ്ടത്തിന് യാതൊരു കുറവുമില്ലെന്ന് സാമന്ത പറഞ്ഞു.
വിവാഹമോചനത്തിനുശേഷം മയോസൈറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ കുറച്ച് കാലങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സാമന്ത പൊതുവേദിയിലെത്തിയത്. ഇതുകൊണ്ടായിരിക്കാം നടി വൈകാരികമായ പെരുമാറിയതെന്ന് ആരാധകര്‍ കുറിക്കുന്നു.
''ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്''- സാമന്ത പറഞ്ഞു.
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന് പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കിയാണ് ശാകുന്തളം ഒരുക്കിയത്. ഫെബ്രുവരി 17 ന് തീയേറ്ററുകളില്‍ എത്തും. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാര്‍ക്ക് പുതിയതും ആകര്‍ഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനാണ് നിര്‍മ്മാതാക്കള്‍ ചിത്രം 3D യിലും റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.
ചിത്രത്തില്‍ നടി സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അദിതി ബാലന് അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന് ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം.
Content Highlights: samantha ruth prabhu emotional video, shaakuntalam trailer launch release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..