Samantha, Nagachaithanya
അടുത്തിടെ തെന്നിന്ത്യൻ താരം സാമന്ത സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു. തെലുങ്ക് താരം നാഗചൈതന്യയുമായുള്ള വിവാഹശേഷം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിനോട് സാമന്ത ചേർത്തുവച്ചിരുന്നു.
എന്നാൽ സാമന്ത അക്കിനേനി എന്ന പേര് താരം മാറ്റി എസ് എന്ന അക്ഷരം മാത്രം ഉപയോഗിച്ചതാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറിയത്. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതരാകാൻ ഒരുങ്ങുകയാണെന്നും ഗോസിപ്പുകൾ പരന്നു. ഇരുവരും രണ്ടിടത്താണ് താമസമെന്നും പിരിയാൻ തീരുമാനം എടുത്തുവെന്നും വാർത്തകൾ വന്നു.
എന്നാലിപ്പോൾ ഈ ചർച്ചകളോട് പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സാമന്ത. തന്റെ ഏറ്റവും പുതിയ സീരീസായ ഫാമിലി മാൻ 2 മായി ബന്ധപ്പെട്ട് പുറത്ത് വന്ന ട്രോളുകൾക്ക് മറുപട് നൽകികൊണ്ട് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ഞാനിത്തരം ട്രോളുകളോട് പ്രതികരിക്കാറില്ല. ഞാനെന്നും അങ്ങനെ തന്നെയായിരുന്നു. ഇത്തരം ബഹളങ്ങളോട് ഞാൻ പ്രതികരിക്കാറില്ല, ഫാമിലി മാൻ സംബന്ധിച്ച വിവാദങ്ങളോട് ഞാൻ പ്രതികരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നിരവധി ട്വീറ്റുകൾ എനിക്കെതിരേ വന്നു. പക്ഷേ വേണ്ട എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. എനിക്ക് സംസാരിക്കേണ്ട സമയത്തോ എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോഴോ ഞാൻ സംസാരിക്കും..."സാമന്ത പറയുന്നു.
തമിഴ് ജനതയെ മോശമായി ചിത്രീകരിക്കാൻ നിർമ്മാതാക്കൾ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഫാമിലി മാൻ 2നെതിരേ വിമർശനമുയർന്നത്. ഇതിനോടായിരുന്നു സാമന്തയുടെ പ്രതികരണം. എന്നാൽ വിവാഹമോചനം സംബന്ധിച്ച വാർത്തകളോട് നാഗചൈതന്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരാണ് ഇരുവരും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ൽ ഗോവയിൽ വച്ച് നടന്ന അത്യാഢംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സാമന്ത ഇപ്പോൾ. ത്രില്ലർ വെബ് സീരീസായ ദ ഫാമിലി മാൻ 2 ലെ താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതൽ ആണ് താരത്തിന്റെ പുതിയ ചിത്രം. സാമന്തയെ കൂടാതെ നയൻതാരയും വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം, അശ്വിൻ ഒരുക്കുന്ന ഗെയിം ഓവർ എന്നിവയും സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content highlights : Samantha on rumours regarding Divorce with NagaChaithanya
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..