സാമന്ത | ഫോട്ടോ: www.instagram.com/samantharuthprabhuoffl/
പുതിയ ചിത്രമായ ശാകുന്തളത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണത്തിലാണ് നടി സാമന്ത. കഴിഞ്ഞവര്‍ഷമാണ് താരം തനിക്ക് ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗം പിടിപെട്ട വിവരം അറിയിച്ചത്. ഇപ്പോഴിതാ രോഗവുമായി എത്രമാത്രം പോരാട്ടമാണ് താന്‍ നടത്തിയതെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. ബോളിവുഡ് ബബിള്‍ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു സാമന്തയുടെ വെളിപ്പെടുത്തലുകള്‍.
ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയതെന്ന് സാമന്ത പറഞ്ഞു. ഒരു നടി എന്ന നിലയില്‍ പൂര്‍ണതയോടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സിനിമകളിലും സോഷ്യല്‍ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ആ പൂര്‍ണതയാണ് താനാഗ്രഹിക്കുന്നത്. എപ്പോഴും മികച്ചുനില്‍ക്കാനാണ് ശ്രമിച്ചതെന്നും സാമന്ത പറഞ്ഞു. മയോസിറ്റിസ് എന്ന രോഗം സമ്മാനിച്ച പാര്‍ശ്വഫലങ്ങളേക്കുറിച്ചും സാമന്ത തുറന്നുസംസാരിച്ചു. 'ചിലപ്പോള്‍ ശരീരം വല്ലാതെ തടിക്കും, മറ്റുചില ദിവസങ്ങളില്‍ ഒരുപാട് ക്ഷീണിക്കും. എന്റെ രൂപത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു.' അവര്‍ പറഞ്ഞു.
'ഒരു നടി അല്ലെങ്കില്‍ നടനെ സംബന്ധിച്ചിടത്തോളം കണ്ണുകളാണ് ഭാവപ്രകടനങ്ങള്‍ക്കുള്ള മാധ്യമം. ഓരോ ദിവസവും ഞാനുണര്‍ന്നിരുന്നത് കണ്ണുകളില്‍ സൂചികൊണ്ട് കുത്തുന്നതുപോലുള്ള വേദനയുമായാണ്. ഞാന്‍ കണ്ണട വെയ്ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. അത് തമാശയ്‌ക്കോ സ്‌റ്റൈലിനോ വേണ്ടിയല്ല ധരിക്കുന്നത്. പ്രകാശം കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ടാണ്. കഠിനമായ മൈഗ്രേനും കണ്ണുകള്‍ക്ക് വേദനയുമുണ്ട്. കഴിഞ്ഞ എട്ടുമാസങ്ങളായി ഈ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഒരഭിനേതാവിന് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമായിരിക്കുമിത്.' സാമന്ത ചൂണ്ടിക്കാട്ടി.
മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ 'ദുഷ്യന്തനാ'യി വേഷമിടുന്ന ശാകുന്തളം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന 'ശാകുന്തളം' ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. അല്ലു അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗുണ ടീം വര്‍ക്‌സിന്റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ്.
എന്താണ് മയോസൈറ്റിസ് ?
എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും.
നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.
Content Highlights: samantha latest interview, samantha about myositis, shaakuntalam movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..